തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ പെയ്യുന്നു. പ്രധാനമായും തെക്കന്‍ ജില്ലകളിലാണ് കനത്ത മഴ.
പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം വിതുര ബോണക്കാട് റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് അടച്ചു. കാട്ടാക്കടയിലും കനത്തമഴ ജനജീവിതം ദുസഹമാക്കി. ശക്തമായ മഴയില്‍ ആറ്റിങ്ങല്‍-വെഞ്ഞാറമൂട് റോഡില്‍ മരം കടപുഴകി വീണു. ഇതുവഴി കടന്നുപോയ ഇരുചക്രവാഹന യാത്രികന് പരിക്കേറ്റു. ഫയര്‍ഫോഴ്സ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
എറണാകുളത്ത് മഴയില്‍ കുസാറ്റ് ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. 10 മീറ്ററോളം മതില് ഇടിഞ്ഞു വീണു. ആളപായമില്ല.
ഇടുക്കിയില്‍ ശക്തമായി പെയ്ത മഴയില്‍ വണ്ണപ്പുറത്ത് രണ്ട് പേര് ഒഴുക്കില്‍ പെട്ടിരുന്നു. ഇതില്‍ ഒരാള്‍ മരിച്ചു. വണ്ണപ്പുറം സ്വദേശികളായ ദിവാകരന്, ഭാര്യ ഓമന എന്നിവരാണ് ഒഴുക്കില്‍ പെട്ടത്. ഓമനയാണ് മരിച്ചത്. ദിവാകരനെ നാട്ടുകാര്‍ രക്ഷപെടുത്തി. തോട് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.
ഇന്നും മഴ കനക്കുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇതോടൊപ്പം വടക്കന്‍ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. രാവിലെ മുതല്‍ ആകാശം മൂടിക്കെട്ടിയ നിലയിലാണ്.