കൽപറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി 11.98
കോടിയെന്ന് സത്യവാങ്മൂലം. വിവിധ ബാങ്കുകളിലായും സ്വര്‍ണവുമായും 4.24 കോടിയുടെ നിക്ഷേപമുണ്ട്. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37,91,47432 കോടിയുടെ ആസ്തിയുണ്ടെന്നും നാല് ഏക്കറോളം കൃഷി സ്ഥലമുണ്ടെന്നും നാമനിര്‍ദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു. പത്രിക സമർപിക്കുമ്പോൾ കെെവശം 52,000 രൂപയുണ്ട്. ആകെയുള്ള 4,24,78689 കോടി രൂപയുടെ നിക്ഷേപത്തിൽ 3.67 ലക്ഷം രൂപ 3 ബാങ്കുകളിലായാണുള്ളത്. ബാക്കി പണം ഓഹരി വിപണിയിലും മ്യൂച്ചൽ ഫണ്ടിലുമായാണ് നിക്ഷേപിച്ചിരിക്കുന്നത്. 1.15 കോടി രൂപ വിലമതിക്കുന്ന സ്വർണം, 29.55 ലക്ഷം വിലവരുന്ന വെള്ളി, 2.10 കോടി രൂപയുടെ ഭൂസ്വത്ത് എന്നിങ്ങനെയാണ് മറ്റ് ആസ്തികൾ. കൂടാതെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സ്വന്തമായി വീടുണ്ടെന്നും അതിന് 5.63 കോടിയിലധികം രൂപയുണ്ടെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു. തനിക്ക് 15,75,000 രൂപയുടെ ബാധ്യതയും ഭർത്താവിന് 10 കോടി രൂപയുടെ ബാധ്യതയുമുണ്ടെന്ന് സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. 2004 മോഡൽ ഹോണ്ട കാറും സ്ഥാനാര്‍ഥിക്ക് സ്വന്തമായുണ്ട്.
മൂന്ന് കേസുകളാണ് പ്രിയങ്കയുടെ പേരിൽ ഉള്ളത്. മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളാണിത്. പിജി ഡിപ്ലോമയാണ് പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യത. യുകെയിലെ സണ്ടര്‍ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് വിദൂര പഠനത്തിലൂടെ ബുദ്ധിസ്റ്റ് സ്റ്റഡീസിലാണ് പിജി ഡിപ്ലോമ ചെയ്തിരിക്കുന്നതെന്നും നാമനിർദേശ പത്രികയിൽ വ്യക്തമാക്കുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിഎ നേടി.
ബുധനാഴ്ച ഉച്ചയോടെയാണ് കളക്ടർ മേഘശ്രീയ്ക്ക പ്രിയങ്ക നാമനിർദ്ദേശ പത്രിക സമർപിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് സമർപിച്ചത്. കൽപറ്റയിലേക്ക് ഒഴുകിയെത്തിയ ജനസാഗരത്തെ അഭിസംബോധന ചെയ്തതിന് ശേഷമായിരുന്നു പത്രികാസമർപണം. വയനാടുമായുള്ള ആത്മബന്ധവും ജനങ്ങളോടുള്ള ഉറപ്പും പറഞ്ഞാണ് പ്രിയങ്ക പത്രികാ സമർപണത്തിന് എത്തിയത്. ഭർത്താവ് റോബർട്ട് വാദ്ര, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഖെ, കെസി വേണുഗോപാൽ എംപി തുടങ്ങിയവരും നാമനിർദ്ദേശ പത്രിക സമർപിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു.