ആയഞ്ചേരി: ഭര്‍തൃമതിയായ യുവതിയെ തട്ടിക്കൊണ്ടു പോയതറിഞ്ഞ് കാണാന്‍ ചെന്ന മാതാവിനെയും ബന്ധുക്കളെയും നല്ല രീതിയില്‍ തിരിച്ചയച്ചതിന് ശേഷം അതിനെ മറയാക്കി വീടാക്രമിച്ചു എന്ന് വ്യാജ ന്യൂസ് ഉണ്ടാക്കിയെന്നും ഇത് അന്വേഷിക്കാന്‍ ചെന്ന ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ പോലീസ് കള്ളക്കേസെടുത്തെന്നും മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം കമ്മറ്റി ആരോപിച്ചു. ഇതിന്റെ തുടര്‍ച്ചയായി വീടുകളില്‍ പോലീസ് ഭീകരത സൃഷ്ടിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
വീടാക്രമണ വാര്‍ത്തക്ക് പിന്നില്‍ ഗുഢാലോചനയുണ്ട്. നിജസ്ഥിതി അറിയാതെ വ്യാജവാര്‍ത്തകള്‍ പടച്ചുണ്ടാക്കിയ ചാനലുകാരും സോഷ്യല്‍ മീഡിയക്കാരും നാട്ടില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരക്കാരെ ജനം തിരിച്ചറിയണമെന്നു ലീഗ് മണ്ഡലം ഭാരവാഹികളായ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, വി.പി.കുഞ്ഞമ്മദ്, ചുണ്ടയില്‍ മൊയ്തു ഹാജി എന്നിവര്‍ ആവശ്യപ്പെട്ടു.
സമാധാനത്തോടെ കഴിയുന്ന പ്രദേശത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയണം. സിപിഎം നേതാക്കള്‍ നല്കുന്ന ലിസ്റ്റ് അനുസരിച്ച് കള്ളക്കേസില്‍ ഉള്‍പ്പെടുത്തി പ്രാദേശിക ലീഗ് നേതാവ് എം.എ.മൂസയെ പോലീസ് അറസ്റ്റ് ചെയ്തു. ഹൃദയ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലുള്ള മൂസയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടു. ഇദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രദേശത്തെ ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ തിരഞ്ഞു പിടിച്ച് പോലീസ് കാണിക്കുന്ന ഭീകരത അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. പോലീസ് നടപടിയില്‍ കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ്, ആയഞ്ചേരി പഞ്ചായത്ത് യൂത്ത് ലീഗ്, മംഗലാട് ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് കമ്മറ്റികള്‍ പ്രതിഷേധിച്ചു.