വടകര: ഡ്രൈവര്‍ മദ്യം കടത്തിയ കുറ്റത്തിന് വാഹനം കണ്ടുകെട്ടിയ നടപടി ചോദ്യം ചെയ്ത് ഉടമ നല്കിയ അപ്പീലില്‍ അനുകൂല വിധി. ടാങ്കര്‍ ലോറി ഉടമ തമിഴ്നാട് നാമക്കല്‍ സ്വദേശി കാര്‍ത്തിക് സമര്‍പിച്ച ഹരജിയിലാണ് അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ വിധി. കാര്‍ത്തിക്കിന്റെ ഉടമസ്ഥതയിലുള്ള ടി.എന്‍. 88-ബി 5400 നമ്പര്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് 17.1 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടിയതിന് ഡ്രൈവര്‍ ലക്ഷ്മണനെ അറസ്റ്റ് ചെയ്തതിനു പുറമെ ടാങ്കര്‍ ലോറിയും വടകര എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. 2022 ഡിസംബര്‍ 17ന് നടന്ന സംഭവത്തെ തുടര്‍ന്ന് ടാങ്കര്‍ ലോറി ഇക്കാലം വരെ അഴിയൂരിലെ റോഡരികില്‍ കിടക്കുകയാണ്.
വാഹനം കണ്ടുകെട്ടുന്നത് സംബന്ധിച്ച് കോഴിക്കോട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഉടമ കാര്‍ത്തിക്കിന് വല്ലതും ബോധിപ്പിക്കാനുണ്ടോ എന്നു ചോദിച്ച് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയില്‍ ഉടമയായ താന്‍ സംഭവത്തില്‍ നിരപരാധിയാണെന്നു ബോധിപ്പിച്ചെങ്കിലും അഭ്യര്‍ഥന പരിഗണിച്ചില്ല. ഇതിനു പിന്നാലെ വാഹനം കണ്ടുകെട്ടുകയും ചെയ്തു. ഇൗ നടപടി ചോദ്യം ചെയ്ത് കാര്‍ത്തിക് തിരുവനന്തപുരത്തെ അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ക്ക് അപ്പീല്‍ നല്കി. അഡ്വ.ഹരീഷ് കാരയില്‍ മുഖാന്തിരം നല്കിയ അപ്പീലിന്മേല് മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനു ശേഷം ഉടമക്ക് അനുകൂല വിധിയുണ്ടായിരിക്കുകയാണ്.
പരാതിക്കാരനായ ടാങ്കര്‍ ഉടമ കാര്‍ത്തിക്ക് മദ്യക്കടത്ത് കേസില്‍ ഉള്‍പെടുന്നില്ലെന്നും തന്റെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറിയില്‍ ഡ്രൈവറായ പ്രതി ലക്ഷ്മണന് മദ്യം കടത്തിയ കാര്യം തനിക്ക് അറിയില്ലെന്നും ബോധിപ്പിച്ചു. 17.1 ലിറ്റര്‍ മദ്യം കടത്തിയതിന് 23 ലക്ഷം രൂപ വിലയുള്ള ടാങ്കര്‍ ലോറി കണ്ട് കെട്ടിയത് നീതീകരിക്കാനാവാത്തതാണെന്നും അഡ്വ.ഹരീഷ് കാരയില്‍ വാദിച്ചു. ഇത്തരമൊരു വിഷയത്തില്‍ നേരത്തേ ഹൈക്കോടതി നടത്തിയ നിരീക്ഷണവും ബോധിപ്പിച്ചു.
ഇതൊക്കെ പരിഗണിച്ചാണ് ഹരജിക്കാരന് അനുകൂല വിധി. ടാങ്കര്‍ ലോറി നിരുപാധികം ഉടമക്ക് വിട്ടുനല്‍കാന്‍ അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഉത്തരവിട്ടു. ഈ വിധി അബ്കാരി നിയമത്തിലെ വലിയൊരു വഴിത്തിരിവായാണ് വിശേഷിപ്പിക്കുന്നത്. മദ്യം പിടികൂടിയതിന്റെ തുടര്‍ച്ചയായി വാഹനം കണ്ടുകെട്ടുന്ന കടുത്ത വ്യവസ്ഥ കാരണം നിരപരാധികളായ ആയിരകണക്കിന് വാഹന ഉടമകളാണ് കഷ്ടപ്പെടുന്നത്.