കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം നേരിടുന്ന പി.പി.ദിവ്യയെ പോലീസ് ചോദ്യം ചെയ്യാത്തതിൽ പ്രതിഷേധം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ദിവ്യക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. പി.പി.ദിവ്യ വാണ്ടഡ് എന്നെഴുതിയ പോസ്റ്ററുമായി കണ്ണൂര്‍ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നിലും സ്റ്റേഷന്റ മതിലിലും പോസ്റ്റര്‍ പതിച്ചു.
പോലീസ് സ്റ്റേഷന് മുന്നിൽ പോസ്റ്റര്‍ പതിക്കാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് കവാടത്തിലും ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിനുള്ളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
കേസിൽ ഉൾപ്പെട്ട പ്രശാന്തനെ ചൊവ്വാഴ്ച കണ്ണൂർ ടൗൺ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ ദിവ്യയെ ചോദ്യം ചെയ്യാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്. പി.പി.ദിവ്യയെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഫോണുകൾ ഓഫ് ചെയ്ത നിലയിലാണെന്നുമാണ് പോലീസ് പറയുന്നത്.