തലശ്ശേരി: ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ- തോട്ടട- തലശ്ശേരി റൂട്ടിൽ ഉണ്ടാകാൻ പോകുന്ന യാത്രാക്ലേശം പരിഹരിക്കാൻ നടപടികളില്ലാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ കണ്ണൂരിൽനിന്ന് തലശേരിയിലേക്കും തിരിച്ചും സർവീസ് റോഡ് വഴിയാണ് ബസ് സർവീസ് ഉണ്ടാവുക. തോട്ടട വഴി തലശേരി ഭാഗത്തേക്കുപോകുന്ന ബസ്സുകൾക്ക് നടാൽ ഗേറ്റ് കടന്നാൽ ദേശീയപാതയ്ക്ക് സമാന്തരമായി നിർമിക്കുന്ന
റോഡിലേക്ക് പ്രവേശിക്കാൻ നിലവിൽ സൗകര്യമില്ല. മൂന്നര കിലോമീറ്റർ ചാല ജങ്ഷൻ വരെ സഞ്ചരിച്ച് ട്രാഫിക് സർക്കിൾ ചുറ്റി വീണ്ടും നടാൽ ഭാഗത്തേക്ക് പോകണം. ഏഴുകിലോമീറ്റർ കൂടുതൽ സഞ്ചരിക്കേണ്ട സ്ഥിതിയിലാണ് ബസ്സുകൾ. പ്രദേശവാസികൾക്കും യാത്ര ദുഷ്കരമാകും. ഇഎസ്ഐ ആശുപത്രി, പോളിടെക്നിക്, ഐടിഐ. എസ്എൻ കോളേജ്, ഐഐഎച്ച്ടി, ടെക്നിക്കൽ ഹൈസ്കൂൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങളും ഈ
പ്രദേശത്താണ്. ഇവിടങ്ങളിലേക്കുള്ള യാത്രയും ദുരിതത്തിലാകും. ഊർപഴശ്ശിക്കാവ് പരിസരത്ത് അടിപ്പാതയുണ്ടെങ്കിലും ഇതിന് ഉയരം കുറവായതിനാൽ ബസ്സുകൾക്ക് കടന്നുപോകാൻ കഴിയില്ല. നടാലിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് ബസ് സർവീസ് നിർത്തി പ്രതിഷേധിക്കാൻ തീരുമാനിച്ചത്.