തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു കണ്ണൂര്‍ ചെങ്ങളായിലെ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയത് നിയമപരമായെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സര്‍ക്കാരിന് കൈമാറും. ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താന്‍ ക്ഷണിച്ചില്ലെന്ന് കണ്ണൂര്‍ കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനില്‍ നിന്നു മൊഴി എടുത്തിരുന്നു. എന്നാല്‍ അതേ സമയം, റവന്യൂ വകുപ്പ് സംഘത്തിന് മുന്നില്‍ മൊഴി നല്കാന് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ തയ്യാറായിട്ടില്ല.
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നവീന്‍ ബാബുവിന്റെ മരണവിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതി ചേര്‍ത്ത പി.പി.ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം.
അതേസമയം പരിയാരം ഗവ മെഡിക്കല്‍ കോളജില്‍ ജീവനക്കാരനായിരിക്കെ ടി.വി.പ്രശാന്ത് പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയതില്‍ ചട്ടലംഘനമുണ്ടോ എന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നെത്തും.