നാദാപുരം: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി നിയമനം അട്ടിമറിക്കാനുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് യുഡിവൈഎഫ് പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. നാദാപുരം ടൗണില്‍ മുസ്ലിം ലീഗ് ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ആശുപത്രി കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഗേറ്റിന് മുന്പില് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് സമരം ഉദ്ഘാടനം ചെയ്തു. അനധികൃത നിയമനങ്ങള്‍ നോക്കി നില്‍ക്കില്ലന്നും ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രൂപേഷ് കിഴക്കേടത്ത് അധ്യക്ഷനായി.
നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി, ജില്ലാ പഞ്ചായത്ത് മെംബര്‍ സി.വി.എം നജ്മ, അഡ്വ. എ.സജീവന്, അനസ് നങ്ങാണ്ടി, ഇ ഹാരിസ്, സി.എച്ച് നജ്മാ ബീവി, എം.സി സുബൈര്‍, സി.ടി.കെ സമീറ, അഖിലാ മര്യാട്ട്, രാഖി വളയം, ഫസല്‍ മാട്ടാന്‍, ടി.പി ജസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.കെ ശാക്കിര്‍ സ്വാഗതവും നിസാം തങ്ങള്‍ നന്ദിയും പറഞ്ഞു.