തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷത്തിന്റെ ഭാഗമായ മഴ തുടരുമെന്ന് പ്രവചനം. ഇന്ന് 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആയിരിക്കും.
എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരദേശ മേഖലകളില്‍ പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു
മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ആന്‍ഡമാന്‍ കടലിന് മുകളില്‍ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ‘ദന’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും നീങ്ങുകയെന്നാണ് വിലയിരുത്തല്‍. ‘ദന’ ചുഴലിക്കാറ്റ് കേരളത്തിന് വലിയ ഭീഷണി ഉയര്‍ത്തില്ലെന്നാണ് സൂചന.