മന്തരത്തൂര്‍: ചെരണ്ടത്തൂര്‍ ചിറയിലെ നെല്‍കൃഷി വികസനം ത്വരിതപ്പെടുത്തണമെന്ന് സിപിഎം മന്തരത്തൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ആയിരത്തി അഞ്ഞൂറിലധികം ഏക്കര്‍ കൃഷിസ്ഥലം ഉണ്ടായിരുന്ന ചെരണ്ടത്തൂര്‍ ചിറയില്‍ ഇന്ന് 500 ഏക്കര്‍ സ്ഥലം മാത്രമേ കൃഷിക്ക് ഉപയോഗിക്കുന്നുള്ളൂ. മുഴുവന്‍ സ്ഥലവും കൃഷിക്ക് ഉപയുക്തമാക്കാന്‍ ആവശ്യമായ നടുത്തോടും
അരുതോടുകളും ഫാം റോഡുകളും നിര്‍മിച്ച് ചിറയെ മണിയൂര്‍ പഞ്ചായത്തിന്റെ നെല്ലറയാക്കി മാറ്റണം. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ പദ്ധതി നടപ്പിലാക്കണമെന്നും ചെരണ്ടത്തൂര്‍ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാന്‍ വടകര-ചെരണ്ടത്തൂര്‍-പയ്യോളി റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്നും സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു
മന്തരത്തൂരില്‍ ആര്.നാരായണന് നമ്പ്യാര്‍ നഗറില്‍ നടന്ന സമ്മേളനം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ.അഷറഫ്, എം.വി.പ്രനിഷ, പി.വി.രജീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.എം.ബാലന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ.ദിവാകരന്, കെ.പുഷ്പജ, ബി.സുരേഷ് ബാബു, പി.കെ.കൃഷ്ണദാസ്, ടി.സി.രമേശന്, കെ.പി.ശ്രീജിത്ത്, എം.നാരായണന് എന്നിവര്‍ പ്രസംഗിച്ചു. വൈശാഖ് ബി.എസ് സ്വാഗതവും പി.പ്രമോദ് നന്ദിയും പറഞ്ഞു. കെ.എം.ബാലന് സെക്രട്ടറിയായി പതിനഞ്ചംഗ ലോക്കല്‍ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.