വടകര: വടകരയുടെ സായാഹ്നങ്ങള്‍ക്ക് ഇനി കലാവിരുന്നിന്റെ പ്രഭ ചൊരിയും; കലാ സാഹിത്യ സന്ധ്യകള്‍ക്ക് മിഴിവേകാന്‍ നഗരഹൃദയഭാഗത്ത് നഗരസഭ പണിത സാംസ്കാരിക ചത്വരം മിഴി തുറന്നു. ലിങ്ക് റോഡ് ജംഗ്ഷനു സമീപം ബിഇഎം ഹയര്‍സെക്കന്ററി സ്കൂളിനോട് ചേര്‍ന്ന തുറന്ന വേദി വടകര നഗരത്തിന്റെ സാംസ്കാരിക അടയാളമാകും. ഒട്ടേറെ കലാസാഹിത്യ പരിപാടികള്‍ക്ക് വേദിയാകുന്ന സാംസ്കാരിക ചത്വരം ശനിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് ഷാജി എന്‍.കരുണ്‍ നാടിന് സമര്‍പ്പിച്ചു.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.പി.ഗോപാലന്, സതീശന് കുരിയാടി, പ്രൊഫ. കെ.കെ.മഹമൂദ്, പറമ്പത്ത് രാജന്, എന്‍.എം.ബിജു, എ.വി.ഗണേശന്, പി.സോമശേഖരന്‍, ടി.വി.ബാലകൃഷ്ണന്, എം.പി.അബ്ദുള്ള, കെ.പ്രകാശന്, എ.പി.ഷാജിത്ത്, നിസാം പുത്തൂര്‍, ടി.രാജന് എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.കെ.സതീശന് സ്വാഗതവും സെക്രട്ടറി എന്‍.കെ.ഹരീഷ് നന്ദിയും പറഞ്ഞു.
50 ലക്ഷം രൂപ ചെലവിലാണ് നഗരസഭ ഇത്തരമൊരു ചത്വരം നിര്‍മിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയാണ് നഗരത്തിന്റെ പ്രൗഡിയേകുന്ന വിധത്തില്‍ ചത്വരം ഒരുക്കിയത്. തുറന്ന വേദിക്കു പുറമെ, ദീപാലങ്കാരം, ചുറ്റുമതില്‍, ഗേറ്റ്, യാര്‍ഡ് തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്. വടകരയുടെ കലാ സാംസ്കാരിക കായിക പെരുമ വിളിച്ചോതുന്ന കളരി, തെയ്യം, വോളിബോള്‍ തുടങ്ങിയവയുടെ ചുമര് ശില്‍പ്പങ്ങളും ചത്വരത്തിന് മാറ്റുകൂട്ടുന്നുണ്ട്. ഇരുന്നൂറ്റമ്പതോളം പേര്‍ക്കുള്ള ഇരിപ്പിടവുമുണ്ട്. കലാ സാംസ്കാരിക പരിപാടികള്‍ക്ക് ഒപ്പം സായാഹ്നങ്ങളില്‍ സമയം ചെലവഴിക്കാനും ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ക്കും ചത്വരം വേദിയാകും. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി നഗരത്തില്‍ വര്‍ണശബളമായ സാംസ്കാരിക ഘോഷയാത്ര നടന്നു.