ചോമ്പാല: അഴിയൂര്‍ വില്ലേജ് ഓഫീസിലേക്ക് എത്തിപ്പെടാനുള്ള പ്രധാനവഴികള് തടസപ്പെട്ടതോട ജനം ദുരിതത്തിലായി. ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയായതും കാരോത്ത് റെയില്‍വെ ഗേറ്റ് അടച്ചുപൂട്ടിയതുമാണ് വില്ലേജ് ഓഫീസിലേക്ക് വരാന്‍ കഴിയാത്ത നിലയിലായത്.
കാരോത്ത് റെയില്‍വെ ഗേറ്റ് വഴിയാണ് വില്ലേജ് ഓഫീസിലേക്ക് വാഹനങ്ങള്‍ നേരത്തെ പോയിരുന്നത്. ഇതു മുടങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ കാല്‍നട പോലും ദുഷ്കരമാണ്. വഴികള്‍ പൂര്‍ണമായും തടസപ്പെട്ടു. ബൈപ്പാസ് വഴി പ്രത്യേക വാഹനത്തിലോ സ്വന്തം വാഹനത്തിലോ ആണ് പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ നിന്നും ഈ ഓഫീസിലേക്ക് എത്തിച്ചേരുന്നത്.
വില്ലേജ് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ നേരിടുന്ന യാത്രാദുരിതം അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്ന് വില്ലേജ് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍ സി.കെ.ബബിത അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ പി.ബാബുരാജ്, കെ വി രാജന്, പ്രദീപ് ചോമ്പാല, ടി.ടി.പത്മനാഭന് എന്നിവര്‍ സംസാരിച്ചു.