തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍ നവ്യ ഹരിദാസാണ് വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി. പാര്‍ട്ടി വലിയ പ്രതീക്ഷ പുലര്‍ത്തുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ മത്സരിക്കും. ചേലക്കരയില്‍ കെ.ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥി. പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പുറത്തുവിട്ടത്.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍. കഴിഞ്ഞ രണ്ടു തവണ മലമ്പുഴ മണ്ഡലത്തില്‍ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. ഒരു തവണ വി.എസ്.അച്യുതാനന്ദനോടായിരുന്നു പരാജയപ്പെട്ടത്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്, ശോഭ സുരേന്ദ്രന് എന്നിവരുടെ പേരുകളും മണ്ഡലത്തിലേയ്ക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും അവസാന നിമിഷം പാലക്കാട്ടുകാരന് തന്നെയായ കൃഷ്ണകുമാറിന് നറുക്ക് വീഴുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച മെട്രോമാന് ഇ.ശ്രീധരന് ഷാഫി പറമ്പിലിന് പിറകില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കൃഷ്ണകുമാറായിരുന്നു രണ്ടാമത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് വിട്ടുവന്ന പി.സരിന് ഇടതു സ്വതന്ത്രനായി മത്സരിക്കുന്നു.
സോഫ്റ്റ്വേര്‍ എഞ്ചിനീയറായ നവ്യ ഹരിദാസ് കഴിഞ്ഞ രണ്ടു തവണയായി കോഴിക്കോട് കോര്‍പ്പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ്. നിലവില്‍ കൗണ്‍സില്‍ പാര്‍ട്ടി നേതാവാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഒഴിഞ്ഞ മണ്ഡലത്തില്‍ സഹോദരി പ്രിയങ്കയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍ എംഎല്‍എ സത്യന് മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.