വടകര: സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തന മികവിന് തുടര്‍ച്ചയായ നാലാം വര്‍ഷവും വടകര റൂറല്‍ ബാങ്കിന് ദേശീയ തലത്തില്‍ ഇരട്ട പുരസ്കാരം. പ്രാഥമിക സഹകരണ ബാങ്കിംഗ് മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചു മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് ഫ്രോന്റിയര്‍ എല്ലാ വര്‍ഷവും ദേശീയ തലത്തില്‍ നല്കുന്ന അവാര്‍ഡാണ് വടകര റൂറല്‍ ബാങ്കിന് തുടര്‍ച്ചയായി നാലാം വര്‍ഷവും ലഭിച്ചത്. ഓഡിറ്റ് ഇനിഷ്യറ്റീവ്, റിപ്പോര്‍ട്ടിങ് വിഭാഗത്തിലാണ് അവാര്‍ഡുകള്‍ ലഭിച്ചത്.
ബാങ്കിന്റെ ബിസിനസ് നേട്ടങ്ങള്‍, ജനകീയ അടിത്തറയിലുള്ള ഭരണ സംവിധാനം, ബാങ്കിംഗ്, നോണ്‍ ബാങ്കിംഗ് സേവനങ്ങള്‍ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ കൈവരിച്ച വിജയം തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം. ഉത്തര്‍പ്രദേശിലെ
ലക്നോവില്‍ നടന്ന ചടങ്ങില്‍ റൂറല്‍ ബാങ്കിന് വേണ്ടി പ്രസിഡന്റ് സി.ഭാസ്കരന്, ഡയറക്ടര്‍മാരായ എ.കെ.ശ്രീധരന്, സി.കുമാരന്, സെക്രട്ടറി ടി.വി. ജിതേഷ് എന്നിവര്‍ നാഫ്കോബ് വൈസ് ചെയര്മാന് മിലിന്ദ് കാലയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ചടങ്ങില്‍ മനോജ് അഗര്‍വാള്‍, ആശിഷ് ശ്രീവാസ്തവ, സതീഷ് ഉത്തെക്കര്, കെ.ജയപ്രസാദ്, പവസാന് വര്‍ഗീസ്, അദില്‍ ഗാന്ധി, ആര്‍ടി ദോലെ, പ്രഭു കുമാര്‍, ഡോ.ലളിത് മോഹന്‍, പ്രവീണ്‍ ഖന്ന, ഡി.കൃഷ്ണ, ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.