കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കണ്ണൂര്‍ ജില്ലാ കളക്ടറേറ്റ് റവന്യു വിഭാഗം ജീവനക്കാരുടെ മൊഴിയെടുത്തു. യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി.ദിവ്യയെ വാക്കാല്‍ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ മൊഴി നല്കി. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചു പോയെന്നും മൊഴികളിലുണ്ട്. എഡിഎം മൂന്നുവരിയില്‍ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രഅയപ്പ് യോഗത്തില്‍ പങ്കെടുത്തവര്‍ പോലീസിനോട് പറഞ്ഞു.
യാത്രയയപ്പ് ചടങ്ങില്‍ വെറുതെ കയറി വന്നതല്ലെന്നും ജില്ലാ കളക്ടര്‍ ക്ഷണിച്ചിട്ടാണ് വന്നതെന്നുമാണ് പി.പി.ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ദിവ്യയുടെ ഈ വാദത്തെ ഖണ്ഡിക്കുന്നതാണ് ജീവനക്കാരുടെ മൊഴി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ ഹര്‍ജി സമര്‍പ്പിച്ചത്. സംഭവദിവസം രാവിലെ നടന്ന മറ്റൊരു പരിപാടിയില്‍ കളക്ടറോടൊപ്പം പങ്കെടുത്തിരുന്നു. അപ്പോഴാണ് ക്ഷണം ലഭിച്ചതെന്നും ദിവ്യയുടെ ഹര്‍ജിയിലുണ്ട്. യാത്രയയപ്പ് പരിപാടിയിലെത്താന്‍ അല്‍പ്പം വൈകിയിരുന്നു. അവിടെ എത്തിയപ്പോള്‍ സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടര്‍ ശ്രുതിയാണ്. നവീന്‍ ബാബു ഫയലുകള്‍ വൈകിപ്പിക്കുന്നുവെന്നു പലരില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. പ്രശാന്തിന് പുറമേ ഗംഗാധരന് എന്നയാളും നവീന്‍ ബാബുവിനെതിരെ പരാതി പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഫയല്‍ നീക്കം വേഗത്തിലാക്കണമെന്ന സദുദ്ദേശത്തോടെയാണ് സംസാരിച്ചതെന്നും അല്ലാതെ ആത്മഹത്യയിലേക്ക് തള്ളിവിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യയുടെ ഹര്‍ജിയില്‍ പറയുന്നു. അന്വേഷണവുമായി സഹകരിക്കും. ഒളിച്ചോടില്ല. ജാമ്യം നല്‍കണമെന്നും പറഞ്ഞിട്ടുണ്ട്.