വടകര: വടകരയുടെ കലാ സാഹിത്യ സന്ധ്യകള്‍ക്ക് മിഴിവേകാന്‍ നഗരഹൃദയഭാഗത്ത് നഗരസഭ പണിത സാംസ്കാരിക ചത്വരം ഉദ്ഘാടനം നാളെ (ശനി) നടക്കും. ലിങ്ക് റോഡ് ജംഗ്ഷനു സമീപം ബിഇഎം ഹയര്‍സെക്കന്ററി സ്കൂളിനോട് ചേര്‍ന്ന ഓപ്പണ്‍ എയര്‍ സ്റ്റേജ് വടകര നഗരത്തിന്റെ സാംസ്കാരിക അടയാളമാകും. ഒട്ടേറെ കലാസാഹിത്യ പരിപാടികള്‍ക്ക് ഇവിടം വേദിയാകും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദുവിന്റെ അധ്യക്ഷതയില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകനും
ചലച്ചിത്ര വികസന കോര്പറേഷന് ചെയര്‍മാനുമായ ഷാജി എന്‍.കരുണ്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
അലങ്കാര വിളക്കുകളുടെ പ്രഭയില്‍ ഓപ്പണ്‍ സ്റ്റേജും പരിസരവും വര്‍ണാഭമാകും. ഇരുന്നൂറിലേറെ പേര്‍ക്ക് ഇരിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലം ഇന്റര്‍ലോക്ക് പതിച്ച സാംസ്കാരിക ചത്വരത്തിന് ചുറ്റും മനോഹരമായ മതിലുമുണ്ട്.
സ്ത്രീശബ്ദത്തോടെ ചത്വരം ഉണരും
വര്‍ത്തമാനകാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്തണം എന്ന സന്ദേശവുമായി പ്രശസ്ത നര്‍ത്തകി ലിസി മുരളീധരന്റെ ‘സ്ത്രീ ശബ്ദം’ എന്ന നൃത്ത
പരിപാടിയോടെ സാംസ്കാരിക ചത്വരം ഉണരും. ഉദ്ഘാടന ചടങ്ങിനു പിന്നാലെയാണ് ഇതിന്റെ അരങ്ങേറ്റം. കരിവള്ളൂര്‍ മുരളി, രാജേന്ദ്രന് എടത്തുംകര, രമേഷ് കാവില്‍ എന്നിവര്‍ രചന നിര്‍വഹിച്ച് വി.ടി.മുരളി, അജയ് ഗോപാല്‍, സതീശന് നമ്പൂതിരി, ശാന്തി, അനുനന്ദ എന്നിവര്‍ ആലപിച്ച ഗാനത്തിനൊപ്പം ലിസി മുരളീധരനും സംഘവും നൃത്താവിഷ്കാരവുമായി രംഗത്തെത്തും. കലാമണ്ഡലം സരിഗ, ചന്ദ്രന് കണ്ടോത്ത്, എ.പി.വിനു അറക്കിലാട്, മഠത്തില്‍ രാജീവന്, ക്യഷ്ണ.എസ്, അമ്പിളി രാമചന്ദ്രന്, അനഘ വിമല്‍, സായൂജ്യ വിനോദ്, അല്‍മിത്ര എ.വി എന്നിവര്‍ വേദിയിലെത്തും.