കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി.പി. ദിവ്യക്കെതിരെ സിപിഎം നടപടി. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് നടപടി.
നവീന്‍ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേര്‍പാടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാര്‍ട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നു പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടര്‍ന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്നകുമാരിയെ പരിഗണിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി സിപിഎം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.