കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ നവംബർ 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സത്യൻ മൊകേരി എൽ ഡി എഫ് സ്ഥാനാർത്ഥിയാകും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.
ഇ എസ് ബിജിമോൾ, സത്യൻ മൊകേരി ഉൾപ്പെടെയുള്ള വരെയായിരുന്നു പാർട്ടി പരിഗണിച്ചത്. കഴിഞ്ഞതവണ രാഹുൽ ഗാന്ധിയോട് മത്സരിച്ച ആനിരാജ ഇനി മത്സര രംഗത്തേക്ക് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ആനി രാജിയുടെ മകൾ അപരാജിതയുടെ പേരും ഉയർന്നിരുന്നു. സിപിഐ ദേശീയ കൗൺസിൽ അംഗമായ മൊകേരി മൂന്ന് തവണ നാദാപുരം
എംഎൽഎ ആയിട്ടുണ്ട്. 2014ൽ വയനാട് തിരഞ്ഞെടുപ്പിൽ മത്സരിച്ച മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്.
തിരഞ്ഞെടുപ്പിന് ഇനി ഒരു മാസം പോലും ഇല്ല. അതിനാൽ തന്നെ പ്രചാരണ പ്രവർത്തനങ്ങൾ അതിവേഗതയിൽ നടത്താനാണ് മുന്നണികളുടെ തീരുമാനം. മണ്ഡലത്തിൽ നിന്ന് വിജയിച്ച രാഹുൽ ഗാന്ധി റായിബറേലിയിൽ കൂടി വിജയിച്ചിരുന്നു. റായിബറേലിയിൽ രാജിവച്ചാൽ ഉത്തരേന്ത്യയിൽ ഉണ്ടാകുന്ന തിരിച്ചടി ഭയന്ന് രാഹുൽ വയനാട് മണ്ഡലം വേണ്ടെന്നുവച്ചു. ഇതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.