കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കേസ്. പി.പി.ദിവ്യയെ പ്രതിചേര്‍ത്ത് തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നവീന്‍ ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 108 വകുപ്പ് പ്രകാരമാണ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്.
നവീന്റെ മരണത്തില്‍ ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം നിലനില്‍ക്കുന്നതാണോ എന്ന് പൊലീസ് നിയമോപദേശം തേടിയിരുന്നു. യാത്രയയപ്പ് ചടങ്ങിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അപകീര്‍ത്തികരമായ പ്രസംഗം നടത്തിയത്. തുടര്‍ന്ന് പ്രസംഗത്തിന് ശേഷം താമസിക്കുന്ന കെട്ടിടത്തിലേക്ക് പോയ എഡിഎം നവീന്‍ ബാബു പുലര്‍ച്ചെ ജീവനൊടുക്കുകയായിരുന്നു. നവീന്റെ ആത്മഹത്യയിലേക്ക് തള്ളിവിട്ട മാനസിക പ്രയാസത്തിന് കാരണം ദിവ്യയുടെ പ്രസംഗമാണെന്ന് ഇതില്‍ നിന്നു വ്യക്തമാണെന്നും നിയമോപദേശത്തില്‍ സൂചിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.