കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന് ഗോവിന്ദൻ പറഞ്ഞു . ഇക്കാര്യം കണ്ണൂർ ജില്ലാ കമ്മിറ്റിയും സംസ്ഥാന സർക്കാർ പരിശോധിക്കട്ടെ ഇതിന്റെ
അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാവുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും. കോൺഗ്രസ് വിട്ടതുകൊണ്ട് സരിൻ സ്ഥാനാർത്ഥിയാവില്ല . സരിൻ ആദ്യം നിലപാട് വ്യക്തമാക്കട്ടെ എന്നും എംപി ഗോവിന്ദൻ പറഞ്ഞു. നേരത്തെ നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയ്ക്ക് വീഴ്ച പറ്റിയതായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിയും പറഞ്ഞിരുന്നു. എഡിഎമ്മിന്റെ
യാത്രയയപ്പ് വേദിയിൽ പോയി ദിവ്യ അത്തരത്തിൽ പരാമർശം നടത്തേണ്ടിയിരുന്നില്ല എന്നും അവർ പറഞ്ഞു. കണ്ണൂർ എഡിഎം കെ നവീൻ ബാബുവിനെ പള്ളിക്കുന്നിലെ കോർട്ടേഴ്സിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച നവീൻ ബാബുവിന് കണ്ണുർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.