വില്യാപ്പള്ളി: കുറ്റ്യാടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ മണ്ഡല പര്യടനം ജനമുന്നേറ്റമായി. നാടിന്റെ വികസനവും കരുതലും വിശദീകരിച്ചും
നടപ്പിലാക്കേണ്ട വികസന മാതൃകകള്‍ നാടിനോട് സംവദിച്ചുമുള്ള ഹ്രസ്വമായ വാക്കുകളിലെ സംസാരമാണ് സ്ഥാനാര്ഥിയുടേത്. വില്യാപ്പള്ളിയിലെ ചൂരക്കൊടി കളരി സംഘം സന്ദര്‍ശിച്ചാണ് കെ.പി.കുഞ്ഞമ്മദ് കുട്ടിയുടെ ശനിയാഴ്ചയിലെ പര്യടനത്തിന് തുടക്കം. നിരവധി ശിഷ്യ സമ്പത്തിനുടമയും കളരി ഗുരുക്കളുമായ മാങ്ങാട് കുഞ്ഞിമൂസ ഗുരുക്കള്‍ സ്ഥാനാര്‍ഥിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. കളരിയിലെ പഠിതാക്കളോട് ചുരുങ്ങിയ വാക്കുകളില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വോട്ടഭ്യര്‍ഥനയും നടത്തിയാണ് സ്ഥാനാര്‍ഥി മടങ്ങിയത്. തുടര്‍ന്ന് വടയം, കുന്നുമ്മല്‍, കക്കട്ട് മേഖലകളില്‍ വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു. വില്യാപ്പള്ളിയില്‍ വിവാഹ ചടങ്ങിലും പങ്കെടുത്തു. വൈകിട്ടോടെ മയ്യന്നൂരില്‍ നടന്ന റോഡ് ഷോയില്‍ പങ്കെടുത്ത് ജനങ്ങളെ അഭിവാദ്യം ചെയ്തു. ചെമ്മരത്തൂര്‍ മേഖലയില്‍ ഗൃഹ സന്ദര്‍ശനവും നടത്തി.















