കൊയിലാണ്ടി: കൊയിലാണ്ടി, പയ്യോളി റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിന് എന്‍ഡിഎ മുന്തിയ പരിഗണന നല്‍കുമെന്ന് കൊയിലാണ്ടി മണ്ഡലം സ്ഥാനാര്‍ഥി
സി.ആര്.പ്രഫുല്‍ കൃഷ്ണന് ഉറപ്പു നല്കി. ഇരിങ്ങള്‍, വെളളറക്കാട്, ചേമഞ്ചേരി സ്റ്റേഷനുകളും വികസിപ്പിക്കും. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ഇന്റര്‍സിറ്റി എക്സ്പ്രസുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റ സജീവ പരിഗണനയിലാണ്. മൈസൂര്‍-കൊയിലാണ്ടി പുതിയ റെയില്‍വേ പാതയുടെ സാധ്യത പഠനത്തിനും റെയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടുണ്ട്. എന്‍ഡിഎയുടെ കൊയിലാണ്ടി മണ്ഡലം പ്രകടന പത്രികയുടെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ഥി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി.രഘുനാഥ് പ്രകാശനം നിര്‍വഹിച്ചു. കൊയിലാണ്ടിയുടെ സമഗ്ര വികസനം ഉറപ്പു നല്കുന്ന രേഖയാണ് പ്രകടന പത്രികയെന്ന് രഘുനാഥ് പറഞ്ഞു. ടൂറിസം മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ വലിയ മാറ്റം കൊയിലാണ്ടിക്ക് ഉണ്ടാവുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. കൊളാവി, പയ്യോളി, തിക്കോടി, പാറപ്പള്ളി, കാപ്പാട് ബീച്ചുകള്‍ ലോകോത്തര ബീച്ചുകളാക്കി
വികസിപ്പിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ന്നുവരാനുള്ള സാധ്യത കൊയിലാണ്ടി മണ്ഡലത്തിനുണ്ട്. അകലാപ്പുഴയുടെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗിക്കും. പ്രാദേശിക തീര്‍ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിക്കും. കീഴൂര്‍ മഹാദേവക്ഷേത്രം, മുചുകുന്ന് കോട്ട ക്ഷേത്രം, ഉരുപുണ്യകാവ് ദുര്‍ഗാക്ഷേത്രം, വിയ്യൂര്‍ ശക്തന്‍കുളങ്ങര ഭഗവതി ക്ഷേത്രം, പൊയില്‍ക്കാവ് ദുര്‍ഗാക്ഷേത്രം തുടങ്ങി പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് വിവിധ കേന്ദ്രസംസ്ഥാന പദ്ധതികളിലൂടെ ധനസഹായം നല്‍കും. കേന്ദ്ര പദ്ധതികളിലൂടെ നാടിന്റെ കളരിപ്പയറ്റ് പാരമ്പര്യം പുനരുജ്ജീവിപ്പിക്കും. വൈദ്യത്തിന് പ്രാധാന്യം നല്‍കുകയും ഔഷധ വനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. കേളപ്പജിയ്ക്ക് ഉചിതമായ സ്മാരകം സ്ഥാപിക്കും. കുഞ്ഞാലി മരക്കാര്‍ മ്യൂസിയം പുനരുദ്ധരിക്കും. കൊയിലാണ്ടി ഹുക്ക, ചൂടി എന്നിവയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും. മത്സ്യത്തൊഴിലാളി സമുഹത്തിന് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. സമുദ്രയാനങ്ങള്‍ക്ക് സബ്സിഡിയോടെയുള്ള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. തീരദേശത്ത് സിബിഎസ്ഇയുടെ കീഴില്‍ സ്കൂളുകള്‍
സ്ഥാപിക്കും. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന വഴി കൊയിലാണ്ടി തുറമുഖത്തിന്റെ സമ്പൂര്‍ണ നവീകരണവും വികസനവും ഉറപ്പാക്കും. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ടൂറിസം സ്റ്റേഷനായി ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷനെ വികസിപ്പിക്കും. കൊയിലാണ്ടിയില്‍ ഒരു കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കും. കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാനായി നിരന്തരം പരിശ്രമിക്കും. മണ്ഡലത്തില്‍ ഇഗ്നോയ്ക്ക് സ്ഥിരം കാമ്പസ് സ്ഥാപിക്കും. സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണത്തിന് കേന്ദ്ര ഫണ്ടുകള്‍ ലഭ്യമാക്കും. പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം വായനാരി വിനോദ് അധ്യക്ഷത വഹിച്ചു. കെ.കെ.വൈശാഖ്, ബി.സി.ബിനീഷ്, സന്തോഷ് കാളിയത്ത്, അഡ്വ. വി.സത്യന്, വി.കെ.ജയന്, ടി.പി.രാജേഷ്, ടി.കെ.പത്മനാഭന്, എം.കെ.ബൈജു, നിഷ ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.















