വടകര: ഇടതുപക്ഷത്തിന്റെ കരുത്തില്‍ ദുരന്തങ്ങളെ അതിജീവിച്ച നാടാണ് കേരളമെന്ന് സിപിഎം നേതാവ് ബൃന്ദ കാരാട്ട്. നാദാപുരം റോഡിലെ വാഗ്ഭടാനന്ദ പാര്‍ക്കില്‍
എല്‍ഡിഎഫ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ബിജെപിക്കാരും കോണ്ഗ്രസ്കാരും വോട്ട് തേടി വന്നാല്‍ ‘പോമോനെ ദിനേശാ’ എന്ന് പറയണം. എല്‍ഡിഎഫിന്റ നട്ടെല്ല് സ്ത്രീകളാണെന്ന് മലയാളത്തില്‍ പറഞ്ഞ ബൃന്ദ കാരാട്ട് സദസിലെ സ്ത്രീകളെ ചൂണ്ടി നിങ്ങള്‍ ഈ നാടിന്റ അഭിമാനമാണെന്ന് പറഞ്ഞു. ഇന്ത്യ പുരുഷ മേധാവിത്വ സമൂഹമാണെന്നിരിക്കെ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളുടെ തുല്യതയ്ക്കായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നട്ടെല്ലാണ് സ്ത്രീകള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പ്രകൃതി ദുരന്തങ്ങളും മനുഷ്യന് നിര്‍മിച്ച ദുരന്തങ്ങളും കേരളത്തിലുണ്ടായി. കേന്ദ്ര സര്‍ക്കാരാവട്ടെ ഈ സമയങ്ങളില്‍ നമ്മളെ
സാമ്പത്തികമായി ഞെരുക്കി. പക്ഷെ ഇതിനെയെല്ലാം അതിജീവിച്ച് നമ്പര്‍ വണ്‍ ആവാന്‍ നമുക്ക് സാധിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോവുന്നു. അങ്ങനെ കോണ്‍ഗ്രസും ബിജെപിയും ചക്കിക്കൊത്ത ചങ്കരനായി മാറുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ കേരളം അവര്‍ക്ക് നല്കുന്ന സന്ദേശം ‘പോ മോനെ ദിനേശാ എന്നായിരിക്കും’ ബൃന്ദ കാരാട്ട് പറഞ്ഞു. പി.പ്രദീപ് കുമാര്‍ അധ്യക്ഷനായി. ഇ.പി.ദാമോദരന്‍, സി.ഭാസ്കരന്, അജയ് ആവള, ടിപി.ബിനീഷ്, സി.കെ.കരിം, കെ.പി.ബിന്ദു. ടി.എന്‍.കെ.ശശീന്ദ്രന്, പി.സോമശേഖരന്‍, ആര്.ഗോപാലന് തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം.സത്യന് സ്വാഗതം പറഞ്ഞു.















