വാഷിംഗ്ടണ്‍: ഗാസയില്‍ അത്യന്തം വഷളായിരികൊണ്ടിരിക്കുന്ന സ്ഥിതിഗതികളില്‍ അയവു വരുത്താന്‍ ഇസ്രായേലിന് അമേരിക്കയുടെ താക്കീത്. ഗാസയിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഒരു മാസത്തിനുള്ളില്‍ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലെങ്കില്‍ യുഎസ് സൈനിക സഹായത്തിന്റെ കാര്യത്തില്‍ നിയന്ത്രണം നേരിടേണ്ടി വരുമെന്നും അമേരിക്ക ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാസ് തീവ്രവാദികളെ വേരോടെ പിഴുതെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷം മുമ്പാണ് ഇസ്രായേല്‍ ആരംഭിച്ചത്. 2023 ഒക്ടോബര്‍ ഏഴിന്റെ ഹമാസ് ആക്രമണത്തിന്റെ തുടര്‍ച്ചയായി ശക്തമായ തിരിച്ചടിയാണ് ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഗാസയിലെ പാലിസ്തീന്‍ ജനതയെ തന്നെ തകര്‍ത്തെറിയുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. ഗാസയിലെ മോശമായ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കഴിഞ്ഞ ദിവസം ഇസ്രായേലിന് കത്തയച്ചതായാണ് യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.
ഗാസ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിന് അമേരിക്ക ഇതുവരെ നല്കിയിട്ടുള്ളതില് ഏറ്റവും കടുത്ത തോതിലുള്ള മുന്നറിയിപ്പാണ് ഇത്തവണത്തേത്. ഇസ്രായേല്‍ തുടരുന്ന കൊടിയ ആക്രമണം വാഷിംഗ്ടണിന്റെ പിന്തുണയില്‍ മാറ്റം വരുത്താനുള്ള സാധ്യത ഉയര്‍ത്തുമോ എന്ന സംശയം ഉയര്‍ത്തുന്നു.
ഒരു വര്‍ഷം മുമ്പാണ് തെക്കന്‍ ഇസ്രായേലില്‍ പാലസ്തീന് തീവ്രവാദി ഗ്രൂപ്പായ ഹമാസ് കൂട്ടക്കൊല നടത്തിയത്. അതിനു പിന്നാലെയാണ് ഇസ്രായേല്‍ ഗാസയിലേക്ക് നീങ്ങിയതും നിരന്തരം ആക്രമണം നടത്തിവരുന്നതും. ഗാസയിലെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്താന്‍ വാഷിംഗ്ടണ്‍ പലപ്പോഴും ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഇസ്രായേലിന് നല്കുന്ന ബില്യണ്‍ കണക്കിന് ഡോളറിന്റെ സൈനിക സഹായത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബൈഡന് ഭരണകൂടം വിസമ്മതിക്കുകയാണെങ്കിലും ഇപ്പോഴത്തെ താക്കീത് കടുത്തത് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്.
സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് സ്ഥിരമായി പറയുകയാണ് അമേരിക്കന്‍ ഭരണകൂടം ചെയ്തുവന്നത്.
ഒരു ഭാഗത്ത് ഇസ്രായേലിന് ആന്റി മിസൈല്‍ സംവിധാനം ഉള്‍പെടെയുള്ള സഹായം നല്‍കുകയും മറുഭാഗത്ത് കുറ്റം പറയുകയും ചെയ്യുന്ന രീതിയാണ് യുഎസിന്റേത്. ഇസ്രായേലിനെതിരെ ലോകരാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്ന് കൂടുതല്‍ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ താക്കീതുകള്‍ വെറും തന്ത്രം മാത്രമാണെന്ന അഭിപ്രായവുമുണ്ട്.