അഴിയൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി സെന്‍ട്രല്‍ മുക്കാളിയില്‍ മുറിച്ചു മാറ്റിയ പൈപ്പുകള്‍ പുനഃസ്ഥാപിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ കുടിവെള്ളം എത്തിക്കുമെന്ന് പാത നിര്‍മാണവുമായി ബന്ധപ്പെട്ട കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍മ്മാണ ജോലികള്‍ ബുധനാഴ്ച തുടങ്ങും.
പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് അഴിയൂര്‍ പഞ്ചായത്തിലെ കറപ്പക്കുന്ന്, ബംഗ്ലക്കുന്ന്, പാതിരിക്കുന്ന് പ്രദേശങ്ങളില്‍ പതിനാറ് ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രതിഷേധവുമായി ദേശീയപാത നിര്‍മാണപ്രവൃത്തി നടക്കുന്ന സെന്‍ട്രല്‍ മുക്കാളി എത്തിയിരുന്നു. പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വെള്ളം വിതരണം പുനസ്ഥാപിക്കാന്‍ തീരുമാനമായത്. രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന സ്ഥലത്തേക്ക് പോകുന്ന പൈപ്പ് പൊട്ടിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ചര്‍ച്ചകളില്‍ പ്രമോദ് മാട്ടാണ്ടി, പി.ബാബുരാജ്, പി.കെ.പ്രീത, ഹാരിസ് മുക്കാളി, കവിതാ അനില്‍കുമാര്‍, പ്രദീപ് ചോമ്പാല, വി.കെ.അനില്‍കുമാര്‍, കെ.പി. ജയകുമാര്‍, കെ.പി.ഗോവിന്ദന്, ഫിറോസ് കാളണ്ടി, സീനത്ത് ബഷീര്‍, ഷമീര്‍ കുനിയില്‍, ഷംസീര്‍ ചോമ്പാല, പാറേമ്മല്‍ പ്രകാശന് എന്നിവര്‍ പങ്കെടുത്തു.