വടകര: അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ നേതാക്കന്മാരുടെ കൂടാരമായി കേരളത്തിലെ സിപിഎം അധ:പതിച്ചതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ ധിക്കാരം നിറഞ്ഞ പ്രസംഗവും തുടര്‍ന്ന് നടന്ന കണ്ണൂര്‍ എഡിഎമ്മിന്റെ ദാരുണ മരണവുമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കുറ്റപ്പെടുത്തി. ക്ഷണിക്കപ്പെടാതെ യാത്രയയപ്പ് ചടങ്ങിലെത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ നടത്തിയ പ്രസംഗം പ്രാഥമിക മര്യാദകള്‍ക്കും ഒരു ജനപ്രതിനിധിയുടെ പെരുമാറ്റ രീതിക്കും ചേര്‍ന്നതായില്ല. എഡിഎം അഴിമതിക്കാരനോ ക്രമവിരുദ്ധമായി കാര്യനിര്‍വ്വഹണം നടത്തുന്ന ഉദ്യോഗസ്ഥനോ ആണെങ്കില്‍ തെളിവുകള്‍ സഹിതം ഉത്തരവാദപ്പെട്ടവരുടെ മുമ്പില്‍ അത് കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. അത് ചെയ്യാതെ നടത്തിയ പ്രകടനം സിപിഎം നേരിടുന്ന ജീര്‍ണതയുടെ നേര്‍ചിത്രമാണ് വരച്ചിട്ടുള്ളത്. മുഖ്യമന്തി മുതല്‍ താഴെ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി യുവജന നേതാക്കള്‍ വരെ എത്ര മാത്രം ധാര്‍ഷ്ട്യത്തോടെയാണ് മുന്നോട്ടു പോകുന്നതെന്ന് കേരളം അനുദിനം തിരിച്ചറിയുകയാണ്. കണ്ണൂര്‍ സംഭവത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തു കൊണ്ടുവരണം-മുല്ലപ്പള്ളി ആവശ്യപ്പെട്ടു.