കണ്ണൂർ: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എഡിഎമ്മിനെ അദ്ദേഹത്തിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എഡിഎമ്മിന്റെ മരണത്തിന് പിന്നിൽ പി.പി. ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. പി.പി.ദിവ്യയ്ക്കെതിരെ ആത്മഹത്യാപ്രേരണക്കും നരഹത്യക്കും കേസേടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.