ഓർക്കാട്ടേരി: പ്രമുഖ സിപിഐ നേതാക്കളായിരുന്ന കെ.എം കൃഷ്ണന്റയും ടി.പി മൂസയുടേയും ചരമവാർഷികാചരണത്തിന്റെ ഭാഗമായി കുറിഞ്ഞാലിയോട് അനുസ്മരണ സമ്മേളനം നടന്നു. സി.പി.ഐ കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു. ലോകസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ എൽ ഡി എഫ് സർക്കാറിന് നൽകിയ മുന്നറിയിപ്പ് ഗൗരവപൂർവം പരിഗണിച്ച് ജനങ്ങളുടെ ആഗ്രഹങൾക്ക് അനുസരിച്ച് പോരായ്മകൾ പരിഹരിച്ച് അവശേഷിക്കുന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന്
ഗവാസ് പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ തികഞ്ഞ സാമ്പത്തിക ഉപരോധത്തെ കേരളം അഭിമുഖീകരിക്കുകയാണ്. വയനാട്ടിൽ ഉണ്ടായ മഹാ ദുരന്തത്തെ തുടർന്ന് വയനാട്ടിൽ പ്രധാനമന്ത്രി വന്ന് പോയി ആഴ്ചകൾ കഴിഞ്ഞിട്ടും ധനസഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. കേരളത്തിലെ ജനങ്ങളുടെ യോചിച്ച പ്രതിഷേധം ഉയർന്ന് വരണം എന്നും അദ്ദേഹം പറഞ്ഞു. സിപിഐ ലോക്കൽ സെക്രട്ടറി കെ.കെ രഞ്ജീഷ്
അധ്യക്ഷത വഹിച്ചു. ആർ.ശശി, പി.സുരേഷ് ബാബു, ആർ.സത്യൻ അജയ് ആവള, എൻ.എം ബിജു, ഇ.രാധാകൃഷ്ണൻ , എ.കെ കുഞ്ഞി കണാരൻ എന്നിവർ പ്രസംഗിച്ചു. രാവിലെ കെ എം കൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ ഉദ്ഘാടനം ചെയ്തു.
ഇ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.സുരേഷ് ബാബു, ആർ.സത്യൻ, ആർ.കെ ഗംഗാധരൻ , എൻ.എം വിമല, ഒ എം അശോകൻ എന്നിവർ പ്രസംഗിച്ചു. ടി പി മൂസ്സ യുടെ വസതിയിൽ നടന്ന ടി പി മുസ്സ അനുസ്മരണം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എൻ എം ബിജു അധ്യക്ഷത വഹിച്ചു. കെ കെ ബാലൻ, ആർ സത്യൻ, എൻ എം വിമല, കെ കെ രഞ്ജീഷ്, സി ബാബു എന്നിവർ പ്രസംഗിച്ചു.