കോഴിക്കോട്: വിദ്യാർഥികൾക്ക് വേണ്ടിയുള്ള മൂന്നു ദിവസത്തെ ബഹിരാകാശ സംബന്ധിയായ പ്രദർശനം കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം & പ്ലാനറ്റേറിയത്തിൽ ചൊവ്വാഴ്ച തുടങ്ങി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐഎസ്ആർഒ) ചരിത്രവും സ്ഥാപനത്തിന്റെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലുകളും പ്രതിപാദിക്കുന്ന
പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ മോഡലുകൾ, പോസ്റ്ററുകൾ,
വീഡിയോ എന്നിവയിലൂടെയാണ് ചരിത്രനേട്ടങ്ങൾ വിശദീകരിക്കുന്നത്.ഇന്ത്യയിൽ
തദ്ദേശീയമായി നിർമ്മിച്ചു വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ് ആയ രോഹിണി-75 ന്റെ മാതൃക, എസ്എൽവി മുതൽ എസ്എസ്എൽവി വരെയുള്ള സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിളിന്റെ വിവിധ മാതൃകകൾ, ആര്യഭട്ടയുടെ മാതൃക, ഐഎസ്ആർഒ ഏറ്റെടുത്ത സുപ്രധാന പദ്ധതികളായ ചന്ദ്രയാൻ-1, ഗഗൻയാൻ, എജുസാറ്റ് തുടങ്ങിയവയുടെ സംക്ഷിപ്ത വിവരങ്ങൾ, എങ്ങനെയാണ് ഉപഗ്രഹം ഭൂമിയെ ചുറ്റുന്നത്, സാറ്റലൈറ്റിന്റെ പ്രവർത്തനരീതികൾ, റിമോട്ട് സെൻസിംഗ് സാറ്റലൈറ്റുകൾ, സൗണ്ടിംഗ് റോക്കറ്റുകൾ,
തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങളടങ്ങിയ പവലിയനാണ് ഒരുക്കിയിട്ടുള്ളത്. മുൻ രാഷ്ട്രപതിയും രാജ്യം കണ്ട മികച്ച ബഹിരാകാശ ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുൽ കലാമിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദർശനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ബഹിരാകാശ രംഗത്തെ ശാസ്ത്രജ്ഞർ ലോകത്തിലെ തന്നെ ഏറ്റവും മികച്ചവർ ആണെന്ന് ജില്ലാ കലക്ടർ ചൂണ്ടിക്കാട്ടി. അബ്ദുൽ കലാം രാജ്യത്തിനു നൽകിയ സംഭാവനകളുടെ മൂല്യം അളക്കാൻ പറ്റുന്നതല്ല. നമ്മെക്കാളും സമ്പത്തും
സാങ്കേതികവിദ്യയുമുള്ള രാഷ്ട്രങ്ങളെക്കാൾ ഇന്ന് ലോകത്ത് ഇന്ത്യ തലയുർത്തി നിൽക്കാനുള്ള കാരണം കലാമിനെ പോലുള്ള ശാസ്ത്ര പ്രതിഭകൾ ആണ്. കോഴിക്കോട് സെന്റ് വിൻസെന്റ് കോളനി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പവലിയൻ സന്ദർശിച്ചു. പരിപാടിയിൽ കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം & പ്ലാനറ്റേറിയം പ്രൊജക്റ്റ് കോർഡിനേറ്റർ എം എം കെ ബാലാജി, ഐഎസ്ആർഒയിലെ റിട്ട. ശാസ്ത്രജ്ഞൻ ഇ കെ കുട്ടി, ബിനോജ് കെ തുടങ്ങിയവർ പങ്കെടുത്തു.