നാദാപുരം : വടകര താലുക്കിലെ പ്രകൃതി ദുരന്തബാധിത പഞ്ചായത്തുകളുടെ പട്ടികയിൽ വളയം പടിക്ക് പുറത്ത്. ചെറിയ നാശ നഷ്ടങ്ങൾ ഉണ്ടായ ഗ്രാമ പഞ്ചായത്തുകൾ പോലും പട്ടികയിൽ സ്ഥാനം പിടിച്ചപ്പോൾ വിലങ്ങാട് (വാണിമേൽ ഗ്രാമ പഞ്ചായത്ത്) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ദുരിതം വിതച്ച വളയം ഗ്രാമ പഞ്ചായത്തിൻ്റെ പേരില്ലാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ് ട്.വളയത്തെ ദുരന്തബാധിത പഞ്ചായത്തുകളുടെ
പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. പി. പ്രദീഷ് ചീഫ് സെക്രട്ടറി ശാരദമുരളീധരൻ ഐ. എ. എസ്. ന് തിങ്കളാഴ്ച്ച നിവേദനം സമർപ്പിച്ചു. വിലങ്ങാട് ഉരുൾപൊട്ടിയ അതേ സമയത്ത് സമീപപ്രദേശമായ വളയം പഞ്ചായത്തിലെ ആയോട് മലയിൽ വലിയ രീതിയിൽ ഉരുൾപൊട്ടിയിരുന്നു.ഇതിന് താഴ്ഭാഗത്ത് വള്ള്യാട് മലയിൽ മണ്ണിടിച്ചലും ഉണ്ടായിരുന്നു. ഇവിടങ്ങളിൽ ജനവാസ മേഖലയല്ലാത്തതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ആയോട് ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഗ്രാമ പഞ്ചായത്തിലെ കൂടലായി, മുതുകുറ്റി, പയ്യേരിക്കാവ് തുടങ്ങി
വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. വിലങ്ങാട് ഉരുൾപൊട്ടി ഒഴുകിയെത്തിയ മലവെള്ളം കനത്ത നാശം വിതച്ചത് വളയം ഗ്രാമ പഞ്ചായത്തിലെ ചെറുമോത്ത് ഭാഗത്തായിരുന്നു. ചെറുമോത്ത് മൂന്ന് വയസുകാരൻ ഒഴുക്കിൽപ്പെട്ട് മരണപ്പെടുകയും, നിരവധി വീടുകളിൽ വെള്ളം കയറി വലിയ നാശ നഷ്ടമുണ്ടാകയും ചെയ്തിരുന്നു.ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്ന് ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ഉണ്ടായി. കഴിഞ്ഞ ആഗസ്ത് മാസം
കേരള നിയമസഭ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ നടന്ന ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശങ്ങളുടെ അവലോകന യോഗത്തിലും വളയത്തെ ക്ഷണിച്ചിരുന്നില്ല. ഉദ്യോഗസ്ഥ തലത്തിൽ സംഭവിച്ച പിഴവാണ് വളയത്തിൻ്റെ പേര് ഒഴിവാകാൻ കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നിവേദനം സ്വീകരിച്ച ചീഫ് സെക്രട്ടറി പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.പ്രദീഷ് പറഞ്ഞു.