മയ്യഴി: മലബാറിലെ ആദ്യ ബസിലിക്കയായ മാഹി ബസിലിക്കയില്‍ അമ്മ ത്രേസ്യയുടെ തിരുനാള്‍ മഹോത്സവം ഒന്‍പതാം ദിവസം പിന്നിടുമ്പോള്‍ വന്‍ ഭക്തജനപ്രവാഹം. നാനാ ജാതി മതസ്തരും വിദൂരസ്ഥരുമായ അനേകം തീര്‍ഥാടകര്‍ ദേവാലയത്തിലേക്ക് ഒഴുകി എത്തുന്നു.
വിദ്യാരംഭ ദിനമായ ഞായറാഴ്ച നൂറുകണക്കിന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. ഫാ. മാത്യു കല്ലറങ്ങാട്ട്, മോണ്‍. ജെന്സന് പുത്തന്‍വീട്ടില്‍ ഫാ. തോമസ് ഐഎംഎസ്, ഫാ.നോബിള്‍ ജൂട്, ഡീക്കന്‍ അല്ഫിന് ജൂട്സണ്‍ സിപി., ഡീക്കന്‍ അജിത് ഫെര്‍ണാണ്ടസ് എന്നിവര്‍ എഴുത്തിനിരുത്തല്‍ ചടങ്ങിന് നേതൃത്വം കൊടുത്തു.
മൂന്നു മണിക്ക് റവ. ഫാ. പാസ്കലിന്റെ കര്‍മികത്വത്തില്‍ തമിഴ് ഭാഷയില്‍ ദിവ്യബലി നടന്നു. നിരവധി വിശ്വാസികള്‍ തമിഴ് ദിവ്യബലിയില്‍ പങ്കെടുക്കുകയുണ്ടായി.
മോസ്റ്റ് റവ. ഡോ. ഫ്രാന്‍സിസ് കലിസ്റ്റ് പിതാവിനെ ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ വെച്ച് റവ. മോണ്‍. ജെന്സന് പുത്തന്‍വീട്ടില്‍ പൂമാലയണിയിച്ച് സ്വീകരിച്ചു. പാരിഷ് കൗണ്‍സില്‍ അംഗങ്ങളും തിരുനാള്‍ ആഘോഷ കമ്മിറ്റി അംഗങ്ങളും വിശ്വാസികളും സന്നിഹിതരായിരുന്നു. അഞ്ചരയ്ക്ക് ജപമാല നടത്തി. ആറുമണിക്ക് പോണ്ടിച്ചേരി അതിരൂപത മെത്രാന് മോസ്റ്റ് റവ. ഡോ. ഫ്രാന്‍സിസ് കലിസ്റ്റിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് നൊവേന, വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം എന്നിവ നടന്നു. സെന്റ് ആന്റണിസ് കുടുംബ യൂണിറ്റ് ദിവ്യബലിക്ക് നേതൃത്വം വഹിച്ചു.
തിരുന്നാളിന്റെ പ്രധാന ദിനമായ ഒക്ടോബര്‍ 14 തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ജപമാല ഉണ്ടായിരിക്കും. ആറുമണിക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാന് മോസ്റ്റ് റവ.ഡോ.ആന്റണി വാലുങ്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും നൊവേനയും അമ്മത്രേസ്യ പുണ്യവതിയുടെ അത്ഭുത തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണവും തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആരാധനയും ഉണ്ടായിരിക്കും.
ഒക്ടോബര്‍ 15 ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ രാവിലെ 7 മണി വരെ ശയന പ്രദക്ഷിണം ഉണ്ടായിരിക്കും.