പത്തനംതിട്ട: ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് വിഷയത്തില്‍ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഒക്ടോബര്‍ 26ന് പന്തളത്ത് ചേരും. തീര്‍ഥാടനത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അനാസ്ഥ കാട്ടുന്നു എന്നാണ് സംഘടനകളുടെ ആരോപണം. വിഷയത്തില്‍ സമരപരിപാടികള്‍, ബോധവല്‍ക്കരണം എന്നിവ നടത്താനാണ് തീരുമാനം. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉള്‍പ്പെടെ വിവിധ ഹൈന്ദവ സംഘടന നേതാക്കളാണ് ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിച്ചത്.
ശബരിമല തീര്‍ഥാടകര്‍ അനുഭവിക്കുന്ന കൊടിയ പീഡനവും ബുദ്ധിമുട്ടുകളും കണ്ടില്ലെന്ന് നടിക്കാനാവില്ല. ശബരിമലയില്‍ കാലാനുസൃതമായ പരിഷ്കാരങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ അതിന്റെ പേരില്‍ ഭക്തരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. മാറിവരുന്ന സര്‍ക്കാരും ബോര്‍ഡും ഭക്തരെ ചൂഷണം ചെയ്യുക എന്നതൊഴിച്ചാല്‍ ഒരു അടിസ്ഥാന സൗകര്യവും ഒരുക്കിയിട്ടില്ല.
ശബരിമലയില്‍ തീര്‍ഥാടന കാലത്ത് രാജ്യത്തിനകത്തും പുറത്തുംനിന്നായി ദശലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ മറപിടിച്ച് തീര്‍ഥാടകരെ നിയന്ത്രിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം കൊണ്ടുവന്നത്. യഥാര്‍ഥത്തില്‍ ഭക്തരുടെ വിവരശേഖരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്ന ക്ഷേത്രത്തിലെ തീര്‍ഥാടനം സുഗമമാക്കേണ്ടത് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും കടമയാണ്. കഴിഞ്ഞ ഏതാനും കാലങ്ങളായി തീര്‍ഥാടനം നിയന്ത്രിക്കുന്നത് പോലീസാണ്. ഭക്തര്‍ക്ക് സുരക്ഷ ഒരുക്കേണ്ട പോലീസ് ശബരിമലയില്‍ ബോര്‍ഡിനെ നോക്കുകുത്തിയാക്കി ഭരണം നിയന്ത്രിക്കുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് 26ന് യോഗം ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്.