വടകര: വടകര റെയില്‍വെ സ്റ്റേഷന് വളപ്പില്‍ നിന്ന് യാത്രക്കാരെ കയറ്റുന്ന ഓട്ടോറിക്ഷകള്‍ക്ക് ഫീസ് വര്‍ധന അടിച്ചേല്പിച്ചതിനെതിരെ പ്രതിഷേധം കനക്കുന്നു. എതിര്‍പ് ശക്തമായതോടെ ഓട്ടോറിക്ഷകള്‍ വടകര റെയില്‍വെ സ്റ്റേഷന് ബഹിഷ്കരിക്കുന്ന അവസ്ഥയിലെത്തി. ഇത് യാത്രക്കാരെ കഷ്ടത്തിലാക്കുന്നു.
റെയില്‍വെ സ്റ്റേഷനു മുന്നില്‍ യാത്രക്കാരെ കാത്ത് നിര്‍ത്തിയിടുന്ന ഓട്ടോറിക്ഷകള്‍ക്ക് ഭീമന് ഫീസ് ചുമത്തുന്നതാണ് പ്രശ്നമായത്. പൊടുന്നനെയാണ് ഇത്തരം ഓട്ടോറിക്ഷകള്‍ക്ക് മൂന്ന് മാസത്തേക്ക് 590 രൂപ ഫീസ് നിശ്ചയിച്ചത്. നേരത്തെ ഇത് 354 രൂപയായിരുന്നു. ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും 590 രൂപയായി.
വര്‍ധന നടപ്പാക്കാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചപ്പോള്‍ തന്നെ ശക്തമായ എതിര്‍പ് ഉയര്‍ന്നിരുന്നു. പിന്നീട് ഒക്ടോബര്‍ 10ന് മുമ്പ് ഫീസ് കെട്ടണമെന്ന നിര്‍ദേശം വന്നു. ഇത്രയേറെ തുക താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായെത്തി. ഇതിനിടയില്‍ ഇന്നലെ യാത്രക്കാരുമായെത്തിയ ഓട്ടോറിക്ഷ അല്പ നേരം നിര്‍ത്തിയിട്ടുവെന്ന് പറഞ്ഞ് ആര്‍പിഎഫുകാര്‍ 2000 രൂപ പിഴ ചുമത്താന്‍ തുനിഞ്ഞതോടെ അന്തരീക്ഷം വഷളായി. വാക്കേറ്റവും ബഹളവും ഉയര്‍ന്നു.
നിശ്ചിത ഫീസ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ആര്‍പിഎഫ്. ഇതോടെ ഓട്ടോഡ്രൈവര്‍മാര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് വരുന്നത് നിര്‍ത്തി. ഇത് ഫലത്തില്‍ യാത്രക്കാര്‍ക്കാണ് ഇരുട്ടടിയായത്. ട്രെയിന്‍ ഇറങ്ങി വരുന്നവര്‍ ഓട്ടോ കിട്ടാതെ വലഞ്ഞു. ബാഗും ചുമന്ന് മഴയത്ത് പോലും നടന്നുപോകേണ്ട അവസ്ഥ. റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോയില്‍ വരുന്നവര്‍ ആര്‍എംഎസ് ഓഫീസിനു സമീപം ഇറങ്ങി നടക്കേണ്ടിവരുന്നു. ആര്‍എംഎസിനു മുന്നിലെ റോഡരികിലാണ് ഇപ്പോള്‍ ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിടുന്നത്.
ഇരുന്നൂറോളം ഓട്ടോറിക്ഷകളാണ് റെയില്‍വെ സ്റ്റേഷന് കേന്ദ്രമായി ഓടുന്നത്. ഇവിടെ നിന്ന് യാത്രക്കാരുമായി പോയാല്‍ മറ്റ് സ്ഥലങ്ങളിലാണ് പിന്നീട് പാര്‍ക്ക് ചെയ്യാറ്. ഉച്ചക്ക് 12 ന് ശേഷം ഒന്നരക്കേ ട്രെയിനുളളൂ. ഇത്രയും സമയം റെയില്‍വെ സ്റ്റേഷന് വളപ്പില്‍ നിര്ത്തിയിടേണ്ടതുമില്ല. മേജര്‍ സിറ്റിയിലേതു പോലെ ഭീമന് തുക താങ്ങാനാവില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. അതിനിടെ ഓട്ടോറിക്ഷകള്‍ ബഹിഷ്കരിച്ചതിന്റെ മറവില്‍ കോള്ടാക്സികള്ക്ക് അനുമതി നല്‍കുന്നുണ്ട്. ഇത് പ്രതിഷേധം ശക്തമാക്കാനേ ഉപകരിക്കുവെന്ന് ഓട്ടോഡ്രൈവര്‍മാര്‍ ഓര്‍മിപ്പിച്ചു.