ചെന്നൈ: നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ചെന്നൈക്കടുത്ത് തിരുവള്ളുവര്‍ ജില്ലയിലെ കവരൈപേട്ടയിലാണ് നിര്‍ത്തിയിട്ട ചരക്ക് ട്രെയിനില്‍ മൈസൂര്‍-ദര്‍ബാംഗ എക്സ്പ്രസ് ഇടിച്ച് കയറിയത്. വെള്ളിയാഴ്ച രാത്രി 8:30 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. രണ്ട് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസുകളും ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സും (എന്‍ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കൂടൂതല്‍ ആംബുലന്‍സുകള്‍ അപകട സ്ഥലത്തേക്ക് എത്തിച്ചു. അപകടത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. തെറ്റായ സിഗ്നലാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ചെന്നൈ-ഗുമ്മിടിപൂണ്ടി പാതയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. യാത്രക്കാർക്ക് സഞ്ചരിക്കാൻ ബദൽ മാർഗങ്ങൾ ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഹെല്പ് ലൈന്‍ നമ്പര്‍: 04425354151, 04424354995.