വടകര: താലൂക്കിൽ ഉൾപ്പെടെ ഭൂമിതരം മാറ്റ അപേക്ഷകളിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു. കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എ യുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി ഇത്തരം അപേക്ഷകളിൽ മേൽ നിരവധി അന്വേഷണങ്ങൾ വരുന്ന സാഹചര്യത്തിലാണ് എം എൽ എ ഈ ഒരു ചോദ്യം ഉന്നയിച്ചത്. മികച്ച ക്രമീകരണമാണ് ഇത്തരം അപേക്ഷകളിൽ മേൽ തീർപ്പു കൽപ്പിക്കുന്നതിന് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് വടകര താലൂക്കിൽ ഓൺലൈൻ ആയി 356 അപേക്ഷകളും ഓഫ്
ലൈനായി 20 അപേക്ഷകളും തീർപ്പ് കൽപ്പിക്കാൻ ബാക്കിയുണ്ട്. സാധ്യമായ എല്ലാ ഓഫ് ലൈൻ അപേക്ഷകളും തീർപ്പാക്കിയിട്ടുണ്ട്. പൂർണമായ റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് കൃത്യമായ മുൻഗണനാക്രമം പാലിച്ച് ശേഷിക്കുന്ന അപേക്ഷകളിൽ മേലും തീർപ്പു കൽപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി തരംമാറ്റ അപേക്ഷകളിലെ സബ്ഡിവിഷൻ ആവശ്യമില്ലാത്ത കേസുകളിൽ ബന്ധപ്പെട്ട റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം തഹസിൽദാർ എൻഡോഴ്സ് ചെയ്തു വില്ലേജ് ഓഫീസർക്ക് 48 മണിക്കൂറിനകം
നൽകി റവന്യൂ രേഖകളിൽ തരം മാറ്റം വരുത്തേണ്ടതാണെന്നും ,സബ് ഡിവിഷൻ ആവശ്യമായിട്ടുള്ള കേസുകളിൽ ,ഒരാഴ്ചയ്ക്കകം, സർവ്വേ നടത്താൻ പറ്റാത്ത താലൂക്കുകളിലെല്ലാം തന്നെ ,സബ് ഡിവിഷൻ നമ്പർ ആർ ഇ എൽ ഐ എസ് മുഖേന ഉണ്ടാക്കി ,റവന്യൂ രേഖകളിൽ മാറ്റം വരുത്തി കരം ഒടുക്കി നൽകേണ്ടതാണെന്നും സർക്കാർ നിർദ്ദേശം നൽകിയ തായും മന്ത്രി അറിയിച്ചു .