തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് പലയിടത്തും കനത്ത മഴക്ക് സാധ്യത. തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് രാവിലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും ഉച്ചയോടെ സ്ഥിതി മാറി. വൈകിട്ടോടെ പലയിടത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ആറു ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നെങ്കിലും കോഴിക്കോട് ഉള്‍പെടെയുള്ള ജില്ലകളിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ശക്തമായ കാറ്റോടുകൂടിയുള്ള മഴ പെയ്യാന്‍ സാധ്യതയുണ്ട്.
ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും 13ന് ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.