വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പ് കേസില്‍ 8.8 കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു. തമിഴ്നാട്ടിലെ ബാങ്കുകളില്‍ പണയപ്പെടുത്തിയ സ്വര്‍ണമാണ് ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തത്. കേസിലെ പ്രതി മുന്‍ മാനേജര്‍ മധ ജയകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇതോടെ ഇതുവരെ പിടിച്ചെടുത്ത സ്വര്‍ണം 15.85 കിലോഗ്രാമായി. മൊത്തം 26.244 കിലോ സ്വര്‍ണമാണ് മഹാരാഷ്ട്ര ബാങ്കില്‍ നിന്നു നഷ്ടപ്പെട്ടത്.
അന്വേഷണ സംഘം തിരിപ്പൂരിലെ ഡിബിഎസ്, സിഎസ്ബി ബാങ്കുകളിലെ അഞ്ചു ശാഖകളില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ഡിബിഎസ് ബാങ്കിന്റെ രണ്ടു ശാഖകളിലും സിഎസ്ബിയുടെ മൂന്ന് ശാഖകളിലുമായി പ്രതിയുടെ ബിനാമിയായ മുപ്പതോളം ആളുകളുടെ പേരില്‍ പണയപ്പെടുത്തിയ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
കസ്റ്റഡിയിലെടുത്ത സ്വര്‍ണം തിങ്കളാഴ്ച വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പതിനൊന്നു കിലോ സ്വര്‍ണം കൂടി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മാനേജര്‍ മധ ജയകുമാറിന്റ പ്രധാന ബിനാമി കാര്‍ത്തിക്കിനെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.