വടകര: നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ വാർഡുകളും ഹരിത സമൃദ്ധി വാർഡുകൾ ആക്കുന്നതിന് ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ,വടകര കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റിയിലെ വാർഡ് 42 പാക്കയിൽ വാർഡ് 29 കൊക്കഞ്ഞാത്ത് എന്നിവ ഹരിതസമൃദ്ധി വാർഡ് ആയി പ്രഖ്യാപനം നടത്തി. വാർഡ് 42 ലെ പാക്കയിൽ JB സ്കൂളിൽ വച്ചു നഗര സഭ ചെയര്പേഴ്സൺ കെ പി
ബിന്ദുവും വാർഡ് 29 ലെ പീപ്പിൾസ് ലൈബ്രറിയിൽ വെച്ച് നഗരസഭാ വൈസ് ചെയർമാൻ കെ പി സതീശന്റെ അധ്യക്ഷതയിൽ വാർഡിലെ മുതിർന്ന കർഷകൻ എം കെ അബ്ദുല്ലയും ഹരിത സമൃദ്ധി വാർഡ് പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന വിഷയത്തെക്കുറിച്ച് ഹരിത കേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ് സംസാരിച്ചു. നെറ്റ് സീറോ കാർബൺ കേരളം പദ്ധതിയിൽ ഹരിത സമൃദ്ധി വാർഡിന്റെ പ്രാധാന്യത്തെക്കുറിച്ചും പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളെക്കുറിച്ചും
കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി വിശദീകരിച്ചു . നഗരസഭാ ചെയർപേഴ്സൺ, നഗരസഭ വൈസ് ചെയർമാൻ എന്നിവർ പ്രതിനിധീകരിക്കുന്ന വാർഡുകളാണ് ഹരിത സമൃദ്ധി വാർഡ് പ്രഖ്യാപനം നടത്തിയത്.വാർഡ് സഭയുടെ ഭാഗമായി നടത്തിയ ഹരിത സമൃദ്ധി പ്രഖ്യാപന ചടങ്ങിൽ വച്ച് വീടുകൾക്കുള്ള വിത്തു വിതരണവും നടത്തി.5 ഇനം പച്ചക്കറികളുടെ വിത്തുകൾ അടങ്ങിയ പാക്കറ്റുകൾ ആയാണ് നൽകിയത്. ഹരിത സമൃദ്ധിക്കായി വാർഡുകളിൽ പ്രത്യേക സംഘാടന സമിതിയും ഉണ്ട്.കുടുംബശ്രീക്കാണ് സർവ്വേയുടെ ഏകോപന ചുമതല. നഗരസഭയിലെ മുഴുവൻ വാർഡുകളിലും ഹരിതസമൃദ്ധി വാർഡ് പ്രവർത്തനം നടപ്പിലാക്കും. നേരത്തെ വാർഡ് 16 കല്ലുനിരയിൽ ഹരിത സമൃദ്ധി വാർഡ് പ്രഖ്യാപനം നടത്തിയിരുന്നു.2025 ആഗസ്റ്റ് മാസത്തോടെ സമ്പൂർണ്ണ ഹരിത സമൃദ്ധി മുനിസിപ്പാലിറ്റി ആവാനാണ് വടകര മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത് .