തലശേരി: ദേശീയ പാതയോരത്തുള്ള മട്ടാമ്പ്രം ജുമാ മസ്ജിദിൽ സി.സി.ടി.വി. ക്യാമറ തുണിയിട്ട് മറച്ച് മോഷ്ടാവ് തന്ത്രപരമായ രീതിയിൽ ഭണ്ഡാര കവർച്ച നടത്തി.
മസ്ജിദിന്റെ അകത്തുള്ള മഖാമിനോട്ചേർന്നുള്ള ഭണ്ഡാരത്തിൽ നിന്നും ഏതാണ്ട് ഒരു ലക്ഷത്തിലേറെ നേർച്ച പണംഅപഹരിച്ചതായാണ് അനുമാനിക്കുന്നത്. ചുമരിനോട് ചേർന്ന ഭണ്ഡാരത്തിൻ്റെ ദ്വാരം കുത്തിത്തുറന്ന് ഉള്ളിലേക്ക് കൈ കടത്തിയാണ് പണം കവർന്നത്.- അരോഗ ദൃഢ ഗാത്രനായ ഒരാൾ പള്ളിയുടെ പിൻ ഭാഗത്തിലൂടെ അകത്തേക്ക് ധൃതിയിൽ
കയറി വരുന്നതും ഭണ്ഡാര കവർച്ചക്ക് ശേഷം ആളെ തിരിച്ചറിയാതിരിക്കാൻ നടക്കാൻ വിഷമിക്കുന്ന രീതിയിൽ തിരികെ പോവുന്നതുമായ മറ്റൊരു ക്യാമറാ ദൃശ്യം പൊലിസിന് ലഭിച്ചിട്ടുണ്ട്.പള്ളിയിൽ കടന്നു കയറി മഗ്ബറക്കടുത്ത ഭണ്ഡാരം കവർന്ന വിവരം അറിഞ്ഞ
ഉടനെ കമ്മിറ്റി ഭാരവാഹികളായ മുഹമ്മദലി, മുഹമ്മദ് .സാദീഖ് അൻസാരി, എ.കെ. ഉസ്മാൻ,വാർഡ് അംഗം ഫൈസൽ പുനത്തിൽ തുടങ്ങിയർ സ്ഥലത്തെത്തി. രണ്ട് മാസത്തിലൊരിക്കലാണ് ഭണ്ഡാരം തുറന്ന് നേർച്ച പണം വഖഫ് ബോർഡിന്റെ റിസീവറുടെ സാന്നിദ്ധ്യത്തിൽ എണ്ണിത്തിട്ടപ്പെടുത്തി പുറത്തെടുക്കാറുള്ളത്. കഴിഞ്ഞ തവണ ഏതാണ്ട് ഒരു ലക്ഷം രൂപയോളം ലഭിച്ചിരുന്നു.ഇപ്പഴും അത്ര തന്നെ പണം കണ്ടേക്കുമെന്ന് കമ്മിറ്റി
ഭാരവാഹികൾ പറഞ്ഞു. കവർച്ച സംബന്ധിച്ച് ഭാരവാഹികൾ തലശ്ശേരി പൊലിസിൽ പരാതി നൽകി. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് സംഘം കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദരെയും ശ്വാനസേനയെയും എത്തിച്ച് തെളിവെടുത്തു.