നാദാപുരം: വാണിമേൽ പൂവത്താം കണ്ടി മലയോരത്ത് കൃഷിയിടങ്ങളിൽ വീണ്ടും കാട്ടാനകളിറങ്ങി വ്യാപക കൃഷി നാശം. ഇന്നലെ രാവിലെ കൃഷിയിടത്തിലെത്തിയ കർഷകരാണ് രണ്ട് കാട്ടാനകൾ കൃഷിയിടത്തിലെ കൃഷികൾ നശിപ്പിക്കുന്നത് കണ്ടത്. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയ കൃഷികളാണ് കാട്ടാനകൾ നശിപ്പിച്ചത്. മലയങ്ങാട്
മലയിൽ കണ്ണവം വനാതിർത്തിയിൽ സൗരോർജ കമ്പിവേലികൾ സ്ഥാപിച്ചതോടെ സമീപത്തെ പൂവത്താം കണ്ടിയിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാട്ടാനകൾ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം കുട്ടി ആനകൾ ഉൾപ്പെടെയുള്ള 13 ഓളം ആനകൾ ഈ മേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപക നാശം വരുത്തിയിരുന്നു. ഈ ആനകളെ
വനം വകുപ്പ് അധികൃതർ കണ്ണൂർ കണ്ണവം വനത്തിലേക്ക് തുരത്തി ഓടിച്ചിരുന്നു. ഈ ആനകൾ വീണ്ടും കൃഷിയിടങ്ങളിൽ ഇറങ്ങിയതാണെന്ന് അധികൃതർ പറഞ്ഞു. വിലങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസറും സംഘവും സ്ഥലത്തെത്തി ആനകളെ കണ്ണവം വനത്തിലേക്ക് തുരത്തി .