തിരുവനന്തപുരം: പോളിംഗ് ബൂത്തിലേക്ക് മൊബൈല്‍ ഫോണ്‍ പ്രവേശിപ്പിക്കരുത് എന്ന നിയന്ത്രണം ഇത്തവണ കര്‍ശനമായി നടപ്പിലാക്കും. ഫോണുമായി എത്തുന്ന വോട്ടര്‍മാര്‍
ഫോണ്‍ ബൂത്തിന് പുറത്ത് സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തത് മൂലം ഫോണുമായി തന്നെ ബൂത്തില്‍ പ്രവേശിക്കാറാണ് പതിവ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് കൈക്കൊള്ളാറുമില്ല. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ഇലക്ഷന്‍ കമ്മീഷന്‍. ഇതിനായി പ്രത്യേക സൗകര്യം ബൂത്തിന് പുറത്ത് സജ്ജീകരിക്കും. പത്ത് ഫോണുകള്‍ വരെ സൂക്ഷിക്കാവുന്ന ഫോണ്‍ ഡെപ്പോസിറ്റ് ബാഗുകള്‍ തയ്യാറായി കഴിഞ്ഞു. ടോക്കണ്‍ നല്‍കി ഫോണ്‍ സൂക്ഷിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെയും നിയോഗിക്കും. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും ഇതിന്റെ മേല്‍നോട്ട ചുമതല. പോളിംഗ് ഏജന്റുമാര്‍ക്കും
ബൂത്തിനകത്ത് ഫോണ്‍ കൊണ്ടുപോകാന്‍ അനുവാദമില്ലെങ്കിലും അവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാന്‍ പറ്റില്ല. വോട്ടര്‍മാരുടെ ഫോണ്‍ മാത്രമാണ് ടോക്കണ്‍ നല്‍കി പുറത്ത് സൂക്ഷിക്കുക.















