മാഹി: സെന്റ് തെരേസ ബസിലിക്കയില്‍ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് തിരക്കേറുന്നു. നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം ചാന്ത രൂപത അധ്യക്ഷന്‍ മാര്‍.എഫ്രേം നരിക്കുളം ബിഷപ്പിന്
ദേവാലയ പ്രവേശന കവാടത്തില്‍ ഇടവക വികാരിയും കോഴിക്കോട് രൂപത വികാരി ജനറലുമായ റവ. മോണ്‍. ഡോ. ജന്‍സണ്‍ പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പാരീഷ് പാസ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങളും സഹവികാരി ഫാദര്‍ നോബിള്‍ ജൂഡും മറ്റ് വൈദികരും ഡീക്കന്മാരും തിരുനാള്‍ ആഘോഷ കമ്മിറ്റി അംഗങ്ങളും ഇടവക അംഗങ്ങളും
തീര്‍ത്ഥാടകരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് സീറോ മലബാര്‍ റീത്തില്‍ ആഘോഷമായ ദിവ്യബലിക്ക് ചാന്ത രൂപത അധ്യക്ഷനായ മാര്‍.എഫ്രേം നരിക്കുളം ബിഷപ്പ് മുഖ്യകാര്‍മികത്വം നല്കി. ശേഷം നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ ഉണ്ടായി.നാലാം ദിവസമായ ഇന്ന് (ചൊവ്വ) വൈകുന്നേരം 5.30ന് ജപമാല ആരംഭിക്കും. ആറു മണിക്കുള്ള സാഘോഷ ദിവ്യബലിക്ക് നവ വൈദികരായ ഫാ. ഷിന്റോ, ഫാ.ഷിജോയ് എന്നിവര്‍ കാര്‍മികത്വം വഹിക്കും.