തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. നിലവിലെ ചക്രവാതച്ചുഴി ബുധനാഴ്ചയോടെ ലക്ഷദ്വീപിന് മുകളിൽ ന്യുനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി അടുത്ത നാലുദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്കാണ് സാധ്യത.
അതേസമയം, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നുമുതൽ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.