കോഴിക്കോട്: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വീട്ടിൽനിന്ന് 26 പവൻ സ്വർണം കവർന്ന കേസിൽ പ്രതികൾ പിടിയിൽ. വീട്ടിലെ പാചകക്കാരി കരുവിശ്ശേരി സ്വദേശി ശാന്ത, സുഹൃത്തും ബന്ധുവുമായ വട്ടോളി സ്വദേശി പ്രകാശൻ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. മോഷണം നടന്നെങ്കിലും വീടിന്റെയോ അലമാരയുടെയോ പൂട്ട് തകർത്തിരുന്നില്ല. ഇതോടെയാണ് മോഷണത്തിന് പിന്നിൽ വീടുമായി അടുത്തിടപഴകുന്നവർ തന്നെയാണെന്ന് പോലീസ് സംശയിച്ചത്. പിന്നാലെ അന്വേഷണം വീട്ടിലെ ജോലിക്കാരിയിലേക്ക് നീങ്ങുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ സംശയം കൂടുതൽ ബലപ്പെട്ടുവെന്നും പ്രതികൾ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
പ്രതികൾ എം.ടിയുടെ വീട്ടിൽനിന്ന് മോഷണം ആരംഭിച്ചിട്ട് നാല് വർഷത്തോളമായെന്നാണ് മൊഴി നൽകിയത്. ഇതിൽ കഴിഞ്ഞ മാസമാണ് അധികം സ്വർണം കവർന്നത്. മൂന്നും നാലും അഞ്ചും പവൻ തൂക്കം വരുന്ന മാലകൾ, മൂന്ന് പവന്റെ വള, മൂന്ന് പവൻ തൂക്കം വരുന്ന രണ്ട് ജോഡി കമ്മൽ, ഡയമണ്ടിന്റെ ഒരു ജോഡി കമ്മൽ, ഒരു പവന്റെ ലോക്കറ്റ് തുടങ്ങി 26 പവൻ സ്വർണമാണ് പ്രതികൾ തവണകളായി മോഷ്ടിച്ചത്. കുറച്ചുദിവസം വീട്ടിൽ ഇല്ലാതിരുന്നതിനാൽ വെള്ളിയാഴ്ചയാണ് സ്വർണം മോഷണം പോയത് വീട്ടുകാർ അറിഞ്ഞത്. തുടർന്ന് രാത്രി എം.ടിയുടെ ഭാര്യ സരസ്വതി നടക്കാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.