വടകര: സംസ്ഥാനത്ത് രാഷ്ട്രീയജനതാദളിന് (ആര്‍ജെഡി) കാര്യമായ വേരോട്ടമുള്ള വടകരയില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. ഇതിന്റെ പിന്നാലെ പാര്‍ട്ടിയുടെ നിയോജക മണ്ഡലം കമ്മിറ്റി യോഗം വാക്കേറ്റത്തിലും ബഹളത്തിലും കലാശിച്ചു. രണ്ട് ചേരികളായി തിരിഞ്ഞ് നേതാക്കള്‍ പോരടിച്ചതോടെ യോഗം തന്നെ നിര്‍ത്തിവെക്കേണ്ടിവന്നു.
കഴിഞ്ഞ ദിവസം പാര്‍ട്ടി ഓഫീസില്‍ നടന്ന യോഗമാണ് ബഹളത്തിനിടയാക്കിയത്. ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്കരന് അനുകൂലികളും സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രന് അനുകൂലികളും ചേരിതിരിഞ്ഞ് പോരടിക്കുകയായിരുന്നു. എം.കെ.ഭാസ്കരനും മനയത്ത് ചന്ദ്രനും ഒരേ നാട്ടുകാരും ഏറെക്കാലം സൗഹൃദം കാത്ത്സൂക്ഷിച്ചവരുമായിരുന്നെങ്കില് സമീപകാലത്തായി അത്ര രസത്തിലല്ലെന്നാണ് കേള്‍ക്കുന്നത്. ഈ വിഭാഗീയത അണികളിലേക്കും പടര്‍ന്നിരിക്കുകയാണ്.
പുതുതായി മണ്ഡലം കമ്മിറ്റിയിലേക്ക് ആളെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് ബഹളത്തിനിടയാക്കിയത്. പാര്‍ട്ടിയോട് കൂറ് പുലര്‍ത്താത്ത ചിലരെ കെട്ടി എഴുന്നള്ളിക്കുന്നത് അനുവദിക്കില്ലെന്ന വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഇതിനെ മറുപക്ഷം എതിര്‍ത്തു. ഇതേചൊല്ലി എറെ നേരം വാക്കേറ്റം തുടര്‍ന്നു. ഒടുവില്‍ യോഗം നിര്‍ത്തിവെക്കുകയായിരുന്നു. ആര്‍ജെഡി സംസ്ഥാനകമ്മിറ്റി ജെപി-ഡോ.ലോഹ്യ ദിനാചരണത്തോടനുബന്ധിച്ച് ഈ മാസം 11ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ‘വര്‍ഗീയതയ്ക്കെതിരെ ജനമുന്നേറ്റം’ പരിപാടി വിജയിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാനാണ് മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നത്. ഗ്രൂപ്പ് താല്പര്യം ഉയര്‍ന്നതോടെ ഈ വിഷയത്തില്‍ ഫലപ്രദമായ ചര്‍ച്ച നടന്നില്ല.
കഴിഞ്ഞ ആഴ്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ നടന്ന എം.കെ.പ്രേംനാഥ് അനുസ്മരണ പരിപാടിയില്‍ മനയത്ത് ചന്ദ്രന് പങ്കെടുത്തിരുന്നില്ല. അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് പറയുന്നതെങ്കിലും വേണ്ടത്ര പരിഗണന കിട്ടാത്തതിനാല്‍ മാറി നിന്നതാണെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്.
മുമ്പ് ഗ്രൂപ്പ് പോരില്‍ ആടിയുലഞ്ഞ ഈ സോഷ്യലിസ്റ്റ് പ്രസ്ഥാനം സമീപകാലത്ത് പുറമേക്കെങ്കിലും ഐക്യത്തിലായിരുന്നുവെങ്കില് ഇപ്പോള്‍ വീണ്ടും ആ പഴയ ചേരിപ്പോരിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്. ഈ പോര് ഇനിയങ്ങോട്ട് ശക്തമാവാനാണ് സാധ്യതയെന്നാണ് വിലയിരുത്തുന്നത്. അതേസമയം ആരോപിക്കപ്പെടുന്നതു പോലെയുള്ള ബഹളമൊന്നും യോഗത്തിലുണ്ടായിരുന്നില്ലെന്ന് ഔദ്യോഗിക വിഭാഗം വ്യക്തമാക്കി.