വടകര: തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറി ഉള്‍പെടെ ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതായും ഇതിനു പിന്നില്‍ സങ്കുചിത രാഷ്ട്രീയമാണെന്നും പ്രസിഡന്റ് സവിത മണക്കുനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്നേ മുക്കാല്‍ വര്‍ഷത്തിനിടയില്‍ 11 സെക്രട്ടറിമാര്‍ തിരുവള്ളൂരിലെത്തി. അസി സെക്രട്ടരിമാരെ നാല് പ്രാവശ്യവും ഹെഡ് ക്ലര്‍ക്കുമാരെ മൂന്നു തണയും മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ സെക്രട്ടരി ഇല്ലാത്തതിനാല്‍ സാധാരണക്കാര്‍ക്ക് സേവനം കൃത്യമായി നല്‍കാനാകുന്നില്ല. സാധാരണക്കാരുടെ ഭവന നിര്‍മാണ പദ്ധതിയുടെ നടത്തിപ്പ് മുതല്‍ സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിക്കുന്ന മാലന്യമുക്ത നവകേരളം പദ്ധതിയെ വരെ ജീവനക്കാരുടെ സ്ഥലം മാറ്റം ബാധിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു. സങ്കുചിത രാഷ്ട്രീയ താല്പര്യമാണിതിന് പിന്നലെന്നും ഇവര്‍ ആരോപിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ ഇടത് മുന്നണി ഭരിച്ച പഞ്ചായത്ത് 2020ലാണ് യുഡിഎഫിന് ലഭിക്കുന്നത്. ജനവിധിയിലൂടെ ലഭിച്ച ഗ്രാമ ഭരണ സംവിധാനത്തെ സിപിഎമ്മിന്റെ സങ്കുചിത രാഷ്ട്രീയ താല്പര്യത്തിന്റെ പ്രേരണയില്‍ പ്രയാസപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അംഗങ്ങള്‍ പറഞ്ഞു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനങ്ങളുടെ പിന്തുണയോടെ ഈ നെറികേടുകളെ നേരിടുമെന്ന് ഇവര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എഫ്.എം.മുനീര്‍, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന്മാരായ പി.അബ്ദുറഹിമാന്, കെ.വി ഷഹന, മെമ്പര്‍മാരായ പി.സി ഹാജറ, ഡി പ്രതീഷ് എന്നിവര്‍ സംബന്ധിച്ചു.