വടകര: അഞ്ചു വര്‍ഷമായി വടകര മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹരിതം വടകരയുടെ മൂന്നാമത് പുരസ്കാരം ഡോ:എം.കെ.മുനീര്‍ എംഎല്‍എക്ക്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഒക്ടോബര്‍ 31ന് വടകര മുനിസിപ്പല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ സമ്മാനിക്കുമെന്ന് ഹരിതം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ ഹാരിസ് ബീരാന് എംപി മുഖ്യാതിഥിയായിരിക്കും.
വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക, കലാ രംഗങ്ങളില്‍ വൈവിധ്യമാര്‍ന്ന സംഭാവനകള്‍ നല്കി വരുന്ന പ്രമുഖ വ്യക്തികള്‍ക്ക് ഹരിതരത്നം എന്ന പേരില്‍ നല്‍കുന്നതാണ് അവാര്‍ഡ്. ഇതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ പുരസ്കാരത്തിന് എം.കെ മുനീറിനെ തെരഞ്ഞെടുത്തത്. കമാല്‍ വരദൂര്‍ (ചന്ദ്രിക), സമദ് പൂക്കാട്, വി.കെ.മൂസ വാണിമേല്‍ എന്നിവരാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മുന്‍വര്‍ഷങ്ങളില്‍ എം.സി.വടകര, നജീബ് കാന്തപുരം എംഎല്‍എ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഹരിതം വടകര പ്രസിഡന്റ് അഷ്റഫ് കോറോത്ത്, ജനറല്‍ സെക്രട്ടറി ഷിജാര്‍.സി, ട്രഷറര്‍ എം.ടി.നാസര്‍, പ്രോഗ്രാം കണ്‍വീനര്‍ അന്‍സാര്‍ മുകച്ചേരി എന്നിവര്‍ പങ്കെടുത്തു.