തിരുവനന്തപുരം: ആകാശവാണിയില്‍ വാര്‍ത്തകള്‍ വായിച്ച് ശ്രോതാക്കളുടെ ശ്രദ്ധപിടിച്ചുപറ്റിയ അവതാരകന് എം.രാമചന്ദ്രന് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. മലയാളികള്‍ക്ക് സുപരിചിത ശബ്ദമായിരുന്ന രാമചന്ദ്രന് വാര്‍ത്താ അവതരണത്തില്‍ പുതിയ മാതൃക കൊണ്ടുവന്ന വ്യക്തിയാണ്.
ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ച് പതിനായിരക്കണക്കിന് ആളുകളുടെ മനസ്സില്‍ ഇടം പിടിച്ച വാര്‍ത്താ അവതാരകനാണ് അദ്ദേഹം. ടി.വിയും ഇന്റര്‍നെറ്റുമെല്ലാം വരുന്നതിന് മുമ്പ് വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ ചുവടുകളുമായി റേഡിയോയില്‍ ഏറെ ശ്രദ്ധിക്കപ്പെടാന്‍ അദ്ദേഹത്തിനായി.
വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ് രാമചന്ദ്രന് ആകാശവാണിയില്‍ എത്തുന്നത്. ഞായറാഴ്ചകളില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതകവാര്‍ത്തകള്‍ക്ക് ശ്രോതാക്കള്‍ ഏറെയായിരുന്നു. 1984 ഒക്ടോബര്‍ 31ന് ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ച വാര്‍ത്ത വായിച്ചതും രാമചന്ദ്രനായിരുന്നു. ആകാശവാണിയില്‍നിന്ന് വിരമിച്ചതിനുശേഷം ചില വിഷ്വല്‍ സ്ഥാപനങ്ങളില്‍ കണ്ടതും കേട്ടതും, കൗതുകവാര്‍ത്തകള്‍ തുടങ്ങി വിവിധ പരിപാടികളും അദ്ദേഹം അവതരിപ്പിച്ചിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ ശ്രോതാക്കളെ ആകര്‍ഷിക്കാനും ചിന്തിപ്പിക്കാനും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ക്ക് സാധിച്ചിരുന്നു.
സംസ്കാരം നാളെ രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തില്‍.