കളമശേരി: സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലെ തെരഞ്ഞെടുപ്പ് വിജയാരവങ്ങള്‍ക്കിടയില്‍ വ്യത്യസ്തമാര്‍ന്നൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. കളമശ്ശേരി വിമണ്‍സ് പോളിടെക്നിക് കോളജിന്റെ പുതിയ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു സ്ഥാനാര്‍ത്ഥി വൈഗയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് ആലുവ-എറണാകുളം റൂട്ടിലെ ബസ് ഡ്രൈവറായ വൈഗയുടെ അച്ഛന് ജിനുനാഥ് അതുവഴി വരുന്നത്.
ഉടനെ ബസ് നിര്‍ത്തി മകള്‍ക്ക് കൈ കൊടുത്ത് അഭിനന്ദിക്കുന്നതാണ് രംഗം. മനോഹരമായ ഈ നിമിഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് തൊട്ട് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ഒരു അച്ഛനും മകളും തമ്മിലുള്ള വൈകാരികവും ഹൃദ്യവുമായ ഈ ദൃശ്യത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി വന്‍ കൈയടിയാണ് ലഭിക്കുന്നത്.