മാഹി: മാഹി സെന്റ് തെരേസ ബസിലിക്ക തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാള്‍ മഹോത്സവത്തിന് ശനിയാഴ്ച തുടക്കം. ബസിലിക്കയായി ഉയര്‍ത്തപ്പെട്ട ശേഷമുള്ള ആദ്യത്തെ തിരുനാളാണ് നാളെ കൊടിയേറുന്നത്. ഇനി ഒക്ടോബര്‍ 22 വരെ മാഹിക്ക് ഉത്സവമേളം. തിരുനാള്‍ പ്രമാണിച്ച് മാഹി ബസിലിക്കയും പരിസരവും ദീപപ്രഭയില്‍ മുങ്ങിയിരിക്കുകയാണ്.
ശനിയാഴ്ച രാവിലെ 11:30ന് അല്‍ഭുത പ്രവര്‍ത്തകയായ ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ പതാക ഇടവക വികാരിയും കോഴിക്കോട് രൂപത വികാരി ജനറലുമായ റവ. മോണ്‍. ഡോ. ജെന്സണ് പുത്തന്‍വീട്ടില്‍ പ്രാര്‍ഥന ചടങ്ങുകളോടെ ഉയര്‍ത്തുന്നതോടെ തിരുനാള്‍ മഹോത്സവത്തിന് തുടക്കമാവും. ഇതിനു ശേഷം ഉച്ചയ്ക്ക് 12 മണിക്ക് മയ്യഴിയമ്മയുടെ തിരുസ്വരൂപം പൊതു വണക്കത്തിനായി ദേവാലയത്തില്‍ പ്രതിഷ്ഠിക്കും.
വൈകുന്നേരം 6 മണിക്ക് ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് രൂപത വികാരി ജനറല്‍ റവ. മോണ്‍. ജെന്സണ് പുത്തന്‍വീട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കും.
തീര്‍ഥാടകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മാഹി കോളജ് ഗ്രൗണ്ടില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കുര്‍ബാന നിയോഗം നല്‍കുന്നതിനും അടിമ വെക്കുന്നതിനും നേര്‍ച്ചകള്‍ സമര്‍പ്പിക്കുന്നതിനും കുമ്പസാരത്തിനും എല്ലാ ദിവസവും സൗകര്യം ഉണ്ടായിരിക്കും.